.jpg)
19നും 25നും ഇടയിലുള്ളവരില്‍ എച്ച്ഐവി ബാധ കൂടുന്നു
സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്ഐവി ബാധ കൂടുന്നതായി എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍. ആകെ എച്ച്‌ഐവി പോസിറ്റീവില്‍ 15 ശതമാനം പേരും 19നും 25നും ഇടയില്‍ പ്രായമുള്ളവരാണെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു.
പരിശോധനകളുടെ എണ്ണം കൂടുന്നതനുസരിച്ച് വൈറസ് ബാധ വര്‍ധിക്കുന്നില്ല എന്നും വ്യക്തമാക്കിയ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി സ്വവര്‍ഗാനുരാഗം വഴിയും പുരുഷന്മാര്‍ക്കിടയില്‍ എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുന്നുണ്ടെന്നും അറിയിച്ചു.
ലോകത്താകമാനം 3.9 കോടി എച്ച്‌ഐവി ബാധിതര്‍ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2023ല്‍ മാത്രം 13 ലക്ഷം ആളുകളില്‍ പുതുതായി എച്ച്‌ഐവി അണുബാധ കണ്ടെത്തി. ഇന്ത്യയില്‍ 2023ലെ കണക്ക് പ്രകാരം 25.44 ലക്ഷം ആളുകള്‍ എച്ച്‌ഐവി ബാധിതരാണെന്ന് കണക്കാക്കപ്പെടുന്നു. 2023ല്‍ ഇന്ത്യയില്‍ 68,451 ആളുകളില്‍ പുതുതായി എച്ച്‌ഐവി അണുബാധ കണ്ടെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 1263 പേരിലാണ് എച്ച്‌ഐവി അണുബാധ കണ്ടെത്തിയത്. ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്ഐവി പോസിറ്റീവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
2030ഓടുകൂടി പുതിയ എച്ച്‌ഐവി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തില്‍ കേരളം വളരെ മുമ്പ് തന്നെ ലക്ഷ്യത്തിലെത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഈ ലക്ഷ്യം കൈവരിക്കാന്‍ 'ഒന്നായ് പൂജ്യത്തിലേയ്ക്ക് ' എന്ന ക്യാമ്പയിനും കേരളം നടത്തി വരുന്നുണ്ട്.