
എച്ച്എംപിവി ഭീതി: സെന്‍സെക്‌സ് 1400 പോയിന്റ് ഇടിഞ്ഞു
ചൈനയില്‍ ഭീതി പടര്‍ത്തുന്ന എച്ച്എംപിവി വൈറസ് ബാധ ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നുള്ള ഭീതിയില്‍ ഓഹരി വിപണികളില്‍ ഇടിവുണ്ടായി. ബിഎസ്ഇ സെന്‍സെക്‌സ് 1,441.49 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി വിപണിയായ നിഫ്റ്റി 452.85 പോയിന്റും ഇടിഞ്ഞു. എല്ലാ മേഖലയിലേയും സൂചികകളും നഷ്ടം നേരിട്ടു.
കര്‍ണാടകയില്‍ രണ്ട് കുഞ്ഞുങ്ങളില്‍ എച്ച്എംപിവി ബാധ കണ്ടെത്തിയെന്ന് ഇന്ന് രാവിലെയാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ശ്വാസകോശങ്ങളില്‍ രോഗാണു ബാധ ഉണ്ടാക്കുന്ന രോഗമാണ് എച്ച്എംപിവി. തണുപ്പുകാലത്ത് സാധാരണയായി ഉണ്ടാകുന്ന രോഗം. എന്നാല്‍, കോവിഡ് മഹാമാരിക്കുശേഷം എച്ച്എംപിവിയുടെ രംഗപ്രവേശനം വിപണിയില്‍ ഭീതി പടര്‍ത്തുകയായിരുന്നുവെന്ന് ഓഹരി വിപണി വിദഗ്ദ്ധര്‍ പറയുന്നു.
എച്ച്എംപിവിയെ കൂടാതെ രൂപയുടെ ഇടിയുന്ന മൂല്യവും വിപണിയെ ആശങ്കപ്പെടുത്തുന്നു. ഡോളറിനെതിരെ രണ്ടാഴ്ച്ചയായി രൂപയുടെ മൂല്യം കുറയുകയാണ്. ഈ വര്‍ഷം യുഎസിന്റെ ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ കുറയ്ക്കുന്നതിന്റെ എണ്ണം കുറവായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഡോളര്‍ കരുത്ത് പ്രാപിക്കുന്നത്.
കൂടാതെ, യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ചുമതലയേല്‍ക്കുന്നതും ഡോളറിന് അധിക പ്രതീക്ഷ നല്‍കുന്നു. ഇന്ന് ഒരു ഡോളറിന് 85.76 രൂപയായിരുന്നു വില. ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരും ഇന്ത്യന്‍ വിപണിയില്‍ കനത്ത വില്‍പ്പനയാണ് നടത്തുന്നത്.