
വയനാട് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
അതിതീവ്ര മഴ പെയ്യുന്ന വയനാട് ജില്ലയില്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് നാളെ മെയ് 28ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, റസിഡന്‍ഷ്യല്‍ കോളേജുകള്‍, സര്‍വ്വകലാശാലാ പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ജില്ലയില്‍ കൂടുതല്‍ മഴ ലഭിച്ചത് വാളാംത്തോട് ആണ്. മെയ് 26 ന് രാവിലെ 8 മുതല്‍ 27 ന് രാവിലെ 8 വരെ കൂടുതല്‍ മഴ ലഭിച്ചത് തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ വാളാംത്തോട് ഭാഗത്ത്. 24 മണിക്കൂറില്‍ 189 മില്ലിമീറ്റര്‍ മഴയാണ് ഈ പ്രദേശത്ത് ലഭിച്ചത്. വൈത്തിരി ഗ്രാമപഞ്ചായത്തിലെ വേങ്ങക്കോട് 188 മില്ലിമീറ്ററും വട്ടപ്പാറയില്‍ 181 മില്ലിമീറ്റര്‍ മഴയുമാണ് ലഭിച്ചു. ഏറ്റവും കുറവ് മഴ ലഭിച്ചത് മുള്ളന്‍ക്കൊല്ലി ഗ്രാമപഞ്ചായത്തിലെ കബനിഗിരി, കൊളവള്ളി എന്നിവിടങ്ങളിലാണ്. 24 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.
അതേസമയം, ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് 15 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച ക്യാമ്പുകളില്‍ 592 പേരെയാണ് മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. 165 കുടുംബങ്ങളില്‍ നിന്നായി 207 പുരുഷന്മാര്‍, മൂന്ന് ഗര്‍ഭിണികള്‍ അടക്കം 233 സ്ത്രീകള്‍, 152 കുട്ടികള്‍, 32 വയോജനങ്ങള്‍, രണ്ട് ഭിന്നശേഷിക്കാര്‍ എന്നിവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.
ജില്ലയില്‍ പെയ്ത ശക്തമായ മഴയില്‍ വൈത്തിരി താലൂക്കില്‍ ആറ് ക്യാമ്പും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഏഴ് ക്യാമ്പും മാനന്തവാടി താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് ആരംഭിച്ചത്. കാവുമന്ദം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, മുട്ടില്‍, പനമരം, മാനന്തവാടി, ചീരാല്‍, പൂതാടി, കോട്ടപ്പടി, നെന്മേനി, നൂല്‍പ്പുഴ വില്ലേജ് പരിധികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.


