
ഹോളിവുഡ് ഇതിഹാസം ഹാക്ക്മാനും ഭാര്യയും മരിച്ചത് ഒരാഴ്ച്ചത്തെ ഇടവേളയില്‍
ഓസ്‌കാര്‍ ജേതാവായ ജീന്‍ ഹാക്ക്മാന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ച് ഒരാഴ്ച്ച കഴിഞ്ഞാണ് അദ്ദേഹം മരിക്കുന്നത്. ഭാര്യ ബെറ്റ്‌സി അരക്കാവ അപൂര്‍വമായ വൈറസ് ബാധിച്ചാണ് മരിച്ചതെന്ന് ന്യൂ മെക്‌സിക്കോ മെഡിക്കല്‍ അന്വേഷകര്‍ കണ്ടെത്തി.
95 വയസ്സുകാരനായ ഹാക്ക്മാന്‍ സാന്റാ ഫേയിലെ വീട്ടില്‍ കൊറോണറി ആർട്ടറി രോഗം മൂലമാണ് മരിച്ചത്. അദ്ദേഹത്തിന് ഗുരുതരമായ അല്‍ഷൈമേഴ്‌സ് രോഗവും ഉണ്ടായിരുന്നു. ഇരുവരേയും വീട്ടില്‍ ഒരുമിച്ചാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
65 വയസ്സുകാരിയായ ബെറ്റ്‌സി ശ്വാസകോശ രോഗമായ ഹാന്റാവൈറസ് പള്‍മണറി സിന്‍ഡ്രോം ബാധിച്ചാണ് മരിച്ചത്. രോഗബാധിതമായ എലികളുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴാണ് ഈ രോഗം ബാധിക്കുന്നത്. അവരുടെ മരണവും സ്വാഭാവികം എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ഹാക്ക്മാന്‍ മരിക്കുന്നതിന് ഒരാഴ്ച്ച മുമ്പ് ബെറ്റ്‌സി മരിച്ചുവെന്നാണ് അധികൃതരുടെ നിഗമനം. ഇരുവരും 30 വര്‍ഷം മുമ്പാണ് വിവാഹിതരായത്.
ഫ്രഞ്ച് കണക്ഷന്‍, അണ്‍ഫര്‍ഗിവണ്‍ എന്നീ സിനിമകളുടെ അഭിനയത്തിന് ഹാക്ക്മാന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 11ന് ബെറ്റ്‌സി മരിച്ചിട്ടുണ്ടാകുമെന്നാണ് ന്യൂ മെക്‌സിക്കോ മെഡിക്കല്‍ ഇന്‍വെസ്റ്റിഗേറ്ററുടെ ഓഫീസിലെ ഡോ ഹീതര്‍ ജാറെല്‍ പറയുന്നത്. ഹാക്ക്മാന്‍ ഫെബ്രുവരി 18ന് മരിച്ചിട്ടുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
ബെറ്റ്‌സി അവസാനമായി വീടിന് പുറത്ത് പോയത് ഫെബ്രുവരി 11ന് ആണ്. പലചരക്കുകടയിലും ഫാര്‍മസിയിലും പെറ്റ് സ്റ്റോറിലും പോയിരുന്നു.
ഭാര്യ മരിച്ച വിവരം ഹാക്ക്മാന്‍ അല്‍ഷൈമേഴ്‌സ് രോഗം ഉള്ളത് കാരണം അറിഞ്ഞിട്ടുണ്ടാകില്ലെന്നാണ് അന്വേഷകരുടെ വിശ്വാസം. അദ്ദേഹത്തിന് ഹൃദ്രോഗവും ഉണ്ടായിരുന്നു. ഇതാണ് മരണത്തിന് കാരണം. അതിരക്തസമ്മര്‍ദ്ദവും അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍ ഹീതര്‍ പറഞ്ഞു. അദ്ദേഹം അടുത്തകാലത്തായി ഭക്ഷണം കഴിച്ചിരുന്നില്ല. പക്ഷേ, നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.
ഹാന്റാവൈറസ് രോഗബാധ വളരെ അപൂര്‍വം ആണെന്ന് പബ്ലിക് ഹെല്‍ത്ത് വെറ്ററിനേറിയന്‍ എറിന്‍ ഫിപ്‌സ് പറഞ്ഞു. എലികളുടെ മൂത്രം, ഉമിനീര് എന്നിവയുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് എച്ച്പിഎസ് ബാധിക്കുന്നത്.
ദമ്പതികളുടെ മൂന്ന് നായകളില്‍ ഒരെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടെണ്ണം ജീവനോടെ ഉണ്ടായിരുന്നു. നായ ചാകാനുള്ള കാരണം കണ്ടെത്തിയിട്ടില്ല. ഹാന്റാവൈറസ് ബാധിച്ചിട്ടില്ലെന്ന് ഡോക്ടര്‍ ഫിപ്‌സ് പറഞ്ഞു.