PHOTO: FLICKR
ഹോളിവുഡ് എഴുത്തുകാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്: അഭിനേതാക്കളുടെ സമരം തുടരും
അഞ്ച് മാസമായി തുടരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ഹോളിവുഡ് റൈറ്റേഴ്സ് യൂണിയന്‍. യൂണിയന്‍ നേതാക്കളും ഹോളിവുഡ് നിര്‍മാണകമ്പനികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കുന്നതിനുള്ള കരാറിലേക്കെത്തുന്നത്. സ്റ്റുഡിയോ, സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍, നിര്‍മ്മാണ കമ്പനികള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന അലയന്‍സ് ഓഫ് മോഷന്‍ പിക്‌ചേഴ്‌സും ടെലിവിഷന്‍ പ്രൊഡ്യൂസര്‍മാരുമായുള്ള സംയുക്ത പ്രസ്താവനയിലൂടെയാണ് റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക സമരം നിര്‍ത്തുന്നതായി അറിയിക്കുന്നത്.
കരാറിലെ നിബന്ധനകള്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല. മൂന്ന് വര്‍ഷത്തെ കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് റൈറ്റേഴസ് ഗില്‍ഡ് ഓഫ് അമേരിക്കയിലെ 11,500 അംഗങ്ങള്‍ അംഗീകരിക്കണം.
ഡബ്ല്യൂജിഎ (റൈറ്റേഴസ് ഗില്‍ഡ് ഓഫ് അമേരിക്ക) അംഗങ്ങളുടെയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മറ്റ് യൂണിയനുകളുടെയും പിന്തുണയാണ് കരാര്‍ സാധ്യമാക്കിയതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. ഈ കരാര്‍ സമരത്തിന് ഒരു നാഴികക്കല്ലാണെങ്കിലും അഭിനേതാക്കളുടെ സംഘടനയായ SAG-AFTRA സമരം തുടരുമെന്നും യൂണിയന്‍ ലീഡേഴ്സ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഹോളിവുഡിനെ സ്തംഭിപ്പിച്ച സമരം
ആറു പതിറ്റാണ്ടിനിടെ ആദ്യമായി ഹോളിവുഡിനെ സ്തംഭിപ്പിച്ച് എഴുത്തുകാരും അഭിനേതാക്കളും പണിമുടക്കുന്നത്. ഹോളിവുഡ് സിനിമ, ടിവി എഴുത്തുകാരുടെ സമരത്തിന് അഭിനേതാക്കള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് അമേരിക്കന്‍ സിനിമാ വ്യവസായം പ്രതിസന്ധിയിലായത്.
1,60,000 കലാകാരന്മാരെ പ്രതിനിധീകരിക്കുന്ന സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡാണ് ഏറ്റവുമൊടുവില്‍ സമരം പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഭീതി ഒഴിവാക്കി മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും ലാഭവിഹിതവും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരക്കഥാകൃത്തുക്കളുടെ സംഘടനയ്‌ക്കൊപ്പം അഭിനേതാക്കളും സമരത്തിന് ആഹ്വാനം ചെയ്തത്.
വീഡിയോ ഗെയിം കമ്പനികള്‍ക്കെതിരെയും സമരം
ടെലിവിഷന്‍, സിനിമ കമ്പനികള്‍ക്കെതിരെ സമരം തുടരുന്നതിനൊപ്പം വീഡിയോ ഗെയിം കമ്പനികള്‍ക്കെതിരെയും അമേരിക്കന്‍ ലേബര്‍ യൂണിയന്‍ സമരം പ്രഖ്യാപിച്ചിരുന്നു.
സിനിമ,ടിവി അഭിനേതാക്കള്‍,ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍,മോഡലുകള്‍,പത്രപ്രവര്‍ത്തകര്‍,തുടങ്ങി മീഡിയ പ്രഫഷനലുകളെ പ്രതിനിധീകരിക്കുന്ന അമേരിക്കന്‍ ലേബര്‍ യൂണിയനായ സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ് - അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് (SAG-AFTRA) ആണ് സമരം പ്രഖ്യാപിച്ചത്. വീഡിയോ ഗെയിം അവതരിപ്പിക്കുന്നവര്‍ക്ക് നല്‍കുന്ന വേതനത്തില്‍ 11 ശതമാനം വര്‍ദ്ധനവ് കമ്പനികളോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യൂണിയന്‍ സമരം ആരംഭിച്ചത്.
കലാകാരന്മാരുടെ ജോലിക്കും കരിയറിനും ഭീഷണിയാണെന്ന നിരീക്ഷണത്തില്‍ എഐ യില്‍ നിന്നുള്ള സംരക്ഷണവും മികച്ച തൊഴില്‍ സാഹചര്യങ്ങളും യൂണിയന്‍ ആവശ്യപ്പെട്ടു. പ്രമുഖ ടിവി ഫിലിം കമ്പനികള്‍ക്കെതിരെ ഹോളിവുഡ് താരങ്ങള്‍ ജൂലൈ 13 മുതല്‍ സമരത്തിലാണ്. സിനിമ, ടിവി കമ്പനികള്‍ക്കെതിരെ SAG-AFTRA ഉന്നയിക്കുന്ന സമാന പ്രശ്‌നങ്ങളാണ് വീഡിയോ ഗെയിം കമ്പനികള്‍ക്കെതിരെയും യൂണിയന്‍ ഉയര്‍ത്തുന്നത്. ശമ്പളം, തൊഴില്‍ സാഹചര്യങ്ങള്‍, വ്യവസായത്തിലെ എഐ യുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണമായിരുന്നു തിരക്കഥാകൃത്തുകളും മെയ്മാസത്തില്‍ ജോലിയില്‍ നിന്ന് പിന്മാറിയത്.