TMJ
searchnav-menu
post-thumbnail

TMJ Daily

ഇ വിയെ നേരിടാന്‍ ഹോണ്ടയും നിസ്സാനും ലയന ചര്‍ച്ചകള്‍ നടത്തുന്നു

18 Dec 2024   |   2 min Read
TMJ News Desk

പ്പാനിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും നിസ്സാനും വൈദ്യുത വാഹന നിര്‍മ്മാതാക്കള്‍ക്കെതിരെ മത്സരിക്കുന്നതിനായി ലയിക്കുന്നതിന് ആലോചിക്കുന്നു. പ്രത്യേകിച്ച് ചൈനയില്‍ നിന്നുള്ള വെല്ലുവിളിയെ നേരിടുകയാണ് ലക്ഷ്യം. ഈ മാര്‍ച്ചില്‍ രണ്ട് കാര്‍ നിര്‍മ്മാതാക്കളും വൈദ്യുത വാഹനങ്ങള്‍ക്കായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തെക്കുറിച്ച് ആലോചിക്കാന്‍ തീരുമാനിച്ചിരുന്നു.

ഭാവിയിലെ സഹകരണത്തിനും ഓരോരുത്തരുടേയും ശക്തികളെ പ്രയോജനപ്പെടുത്തുന്നതിനുമായുള്ള വിവിധ സാധ്യതകള്‍ തിരയുന്നുവെന്ന് ഹോണ്ടയും നിസ്സാനും ബിബിസിയോട് പറഞ്ഞു.

ചൈനയില്‍ വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാണം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് വാഹന വിപണി പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നും വൈദ്യുതിയിലേക്ക് മാറുന്നത് വാഹന വിപണിയില്‍ മത്സരം വര്‍ദ്ധിക്കുകയാണ്. ഇതിനെ നേരിടുന്നതില്‍ പല കാര്‍ ബ്രാന്‍ഡുകളും ബുദ്ധിമുട്ടുമ്പോഴാണ് ഹോണ്ടയുടേയും നിസ്സാന്റേയും നീക്കം.

ജപ്പാനിലെ ബിസിനസ് ന്യൂസ് പേപ്പറായ നിക്കിയാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത ഹോണ്ടയും നിസ്സാനും നിരസിച്ചതുമില്ല.

ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണെന്നും അന്തിമ തീരുമാനം ആയിട്ടില്ലെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തെങ്കിലും പുതിയ വിവരങ്ങള്‍ ഉണ്ടെങ്കില്‍ ഉചിതമായ സമയത്ത് തങ്ങളുടെ ഓഹരിയുടമകളെ അറിയിക്കുമെന്ന് ഇരുകമ്പനികളും പറഞ്ഞു.

ജപ്പാനിലെ കാര്‍ നിര്‍മ്മാണ രംഗത്ത് രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്ന ഇരുകമ്പനികളും തമ്മിലുള്ള ലയനം പലകാരണങ്ങളാല്‍ സങ്കീര്‍ണമായിരിക്കും. ധാരാളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നതിനാല്‍ തീരുമാനം ജപ്പാനില്‍ കര്‍ശനമായ രാഷ്ട്രീയ പരിശോധനയ്ക്ക് വിധേയമാകും. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുമായുള്ള നിസ്സാന്റെ സഖ്യവും അവസാനിച്ചേക്കും.

ഹോണ്ടയും നിസ്സാനും തങ്ങളുടെ ഇവി ബിസിനസ്സില്‍ സഹകരിക്കാന്‍ മാര്‍ച്ചില്‍ തീരുമാനിച്ചിരുന്നു. ഓഗസ്‌റ്റോടു കൂടി ബാറ്ററി, മറ്റ് സാങ്കേതിക വിദ്യകള്‍ എന്നിവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഇന്റലിജന്‍സ്, ഇലക്ട്രിഫിക്കേഷന്‍ എന്നിവയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മിത്സുബിഷി മോട്ടോഴ്‌സുമായി കരാറിലെത്തിയെന്ന് ഇരുകമ്പനികളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിസ്സാനും ഹോണ്ടയും മിത്സുബിഷിയേയും പങ്കാളിത്തത്തിലേക്ക് കൊണ്ടുവരുമെന്ന് നിക്കി റിപ്പോര്‍ട്ട് ചെയ്യുന്നു. മിത്സുബിഷിയിലെ ഏറ്റവും വലിയ ഓഹരിയുടമ നിസ്സാന്‍ ആണ്.

വാര്‍ത്തകളെ തുടര്‍ന്ന് നിസ്സാന്റെ ഓഹരി വില 20% ഉയര്‍ന്നു. ഹോണ്ടയുടെ ഓഹരി വില 2% ഇടിഞ്ഞപ്പോള്‍ മിത്സുബിഷിയുടേത് 13% വര്‍ദ്ധിച്ചു. ചൈനയില്‍ ഹോണ്ടയുടേയും നിസ്സാന്റേയും വിപണി വിഹിതം നഷ്ടപ്പെടുകയാണ്. ഇരു ബ്രാന്‍ഡുകളും ചേര്‍ന്ന് ആഗോളതലത്തില്‍ 2023-ല്‍ 7.4 മില്ല്യണ്‍ വാഹനങ്ങളാണ് വിറ്റത്. എന്നാല്‍ ബിവൈഡി പോലുള്ള വിലകുറഞ്ഞ ഇവി നിര്‍മ്മാതാക്കളുമായി മത്സരിക്കാന്‍ ഇരുവരും ബുദ്ധിമുട്ടുകയാണ്. ബിവൈഡിയുടെ വരുമാനം ഓരോ പാദം കഴിയുമ്പോഴും വര്‍ദ്ധിക്കുകയാണ്. ഒക്ടോബറില്‍ ടെസ്ലയേയും മറികടന്നിരുന്നു.



#Daily
Leave a comment