
ഹെഡ്‌ലൈറ്റില്‍ തകരാര്‍: ഹോണ്ട ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു
ഹോണ്ട മോട്ടോര്‍ സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ ഹെഡ്‌ലൈറ്റിലെ തകരാര്‍ പരിഹരിക്കുന്നതിനായി സിബി300ആര്‍ തിരിച്ചുവിളിക്കുന്നു. 2018നും 2020നും ഇടയില്‍ നിര്‍മ്മിച്ച സിബി300ആര്‍ മോട്ടോര്‍സൈക്കിളുകളെയാണ് തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
ആഗോള വിപണിയില്‍ സ്വീകരിച്ച നടപടിയുടെ ചുവട് പിടിച്ചാണ് ഇന്ത്യയിലും ബൈക്ക് തിരിച്ചുവിളിക്കുന്നത്.
മോട്ടോര്‍സൈക്കിളിന്റ ഹെഡ്‌ലൈറ്റിന്റെ ഉള്ളിലെ പിസിബി ഘടനയില്‍ പ്രശ്‌നമുള്ളതായി കമ്പനി കണ്ടെത്തിയിരുന്നു. ഈ പ്രശ്‌നം മൂലം ഹെഡ്‌ലൈറ്റുകളുടെ വെളിച്ചം മങ്ങുകയോ ഓഫ് ആകുകയോ ചെയ്യും.
അതിനാല്‍, മുന്‍കരുതല്‍ നടപടിയായി ഇന്ത്യയിലുടനീളം ഈ ബൈക്കുകളുടെ തകരാറുള്ള ഭാഗം മാറ്റിവച്ചുനല്‍കുന്നുവെന്ന് കമ്പനി അറിയിച്ചു. വാഹനത്തിന്റെ വാറന്റി സ്ഥിതി പരിഗണിക്കാതെ എല്ലാവര്‍ക്കും സൗജന്യമായി റീപ്ലേസ്‌മെന്റ് ചെയ്ത് നല്‍കുമെന്ന് ഹോണ്ട അറിയിച്ചു.
വാഹന ഉടമകള്‍ക്ക് ഹോണ്ട ബിഗ് വിഗ് വെബ്‌സൈറ്റില്‍ സവിശേഷ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കി തങ്ങളുടെ വാഹനം ഹെഡ്‌ലൈറ്റ് മാറ്റേണ്ടതുണ്ടോയെന്ന് കണ്ടെത്താന്‍ സാധിക്കും. കൂടാതെ, കമ്പനി ബിഗ് വിഗ് ഡീലര്‍മാര്‍ വഴി വാഹനങ്ങളെ പരിശോധനയ്ക്ക് സമര്‍പ്പിക്കാന്‍ ഉടമകളെ അറിയിക്കുകയും ചെയ്യും.