
രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിയുമായി ഹണിറോസ്
രാഹുല്‍ ഈശ്വര്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ച് നടി ഹണിറോസ്. താനും കുടുംബവും കടന്ന് പോകുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് പ്രധാനക്കാരണക്കാരില്‍ ഒരാളാണ് രാഹുല്‍ ഈശ്വറെന്നും, രാഹുല്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുന്നുവെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂര്‍ നടത്തിയ അശ്ലീല പരാമര്‍ശത്തിനെതിരെ ഹണി റോസ് നല്‍കിയ പരാതിയെ തുടര്‍ന്ന് അയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. ഈ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബര്‍ ഇടത്തില്‍ രാഹുല്‍ ഈശ്വര്‍ ഓര്‍ഗനൈസ്ഡ് ക്രൈം ആസൂത്രണം ചെയ്യുകയാണെന്ന് ഹണി റോസ് പറയുന്നു.
ഇന്ത്യന്‍ ഭരണ ഘടന ഒരാള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം നല്‍കുന്ന അനുച്ഛേദ ഭാഗങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ് ഹണി റോസ് പോസ്റ്റ് ഇട്ടിരിക്കുന്നത്.
രാഹുല്‍ ഈശ്വര്‍ തുടര്‍ച്ചയായി മാധ്യമങ്ങളിലൂടെ തനിക്കെതിരെ, തന്റെ മൗലിക അവകാശങ്ങള്‍ക്കെതിരെ നിയന്ത്രണം ഏര്‍പ്പെടുത്താനും തനിക്കെതിരെ ഒരു പൊതുബോധം സൃഷ്ടിച്ച് തന്നെ ആക്രമിക്കാനും ശ്രമിക്കുന്നുവെന്നും അതിന്റെ ഫലമായി തന്റെ തൊഴിലിനു നേരെ വരുന്ന ഭീഷണികള്‍, തൊഴില്‍ നിഷേധ ഭീഷണികള്‍, അപായഭീഷണികള്‍, അശ്ലീല, ദ്വയാര്‍ത്ഥ, അപമാനകുറിപ്പുകള്‍ തുടങ്ങിയ എല്ലാ സൈബര്‍ ബുള്ളിയിങ്ങിനും പ്രധാന കാരണക്കാരന്‍ രാഹുല്‍ ഈശ്വര്‍ ആണെന്ന് ഹണി റോസ് ആരോപിച്ചു.
രാഹുല്‍ ഈശ്വറിനെപ്പോലെ ഉള്ളവരുടെ ഇത്തരം ഓര്‍ഗനൈസ്ഡ് ക്രൈം ഓപ്പറേഷന്‍ കാരണം ഇത്തരം അവസ്ഥയില്‍ പെട്ട് പോകുന്ന സ്ത്രീകള്‍ പരാതിയുമായി മുന്നോട്ട് വരാന്‍ മടിക്കുമെന്ന് ഹണി റോസ് പറയുന്നു. രാഹുല്‍ ഈശ്വര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.