തെക്കന്‍ ഗാസയിലെ ആശുപത്രികള്‍ തകര്‍ച്ചയുടെ ഘട്ടത്തില്‍; ആശങ്ക പ്രകടിപ്പിച്ച് റെഡ് ക്രോസ്
തെക്കന്‍ ഗാസയിലെ ആശുപത്രികളെല്ലാം തകര്‍ച്ചയുടെ ഘട്ടത്തിലാണെന്ന് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഗാസയിലെ തങ്ങളുടെ 26 ആരോഗ്യ കേന്ദ്രങ്ങളില്‍ 10 എണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമെന്ന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി അറിയിച്ചു. ഓരോ ദിവസവും ഇസ്രയേല്‍ ബോംബാക്രമണത്തില്‍ പരുക്കേറ്റവരാല്‍ ആശുപത്രികള്‍ തിങ്ങിനിറയുകയാണെന്നും ഇവരെ ചികിത്സിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഇല്ലാതാവുകയാണെന്നും റെഡ് ക്രോസ് പ്രതികരിച്ചു.
പത്ത് ദിവസത്തിനിടെ 9 യുഎന്‍ സ്‌കൂളുകളില്‍ ആക്രമണം
ഗാസയില്‍ പലസ്തീനികളുടെ അഭയകേന്ദ്രങ്ങളായ സ്‌കൂളുകള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ ആക്രമണം ശക്തമാകുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഗാസ മുനമ്പിലെ അഭയകേന്ദ്രങ്ങളായ 9 യുഎന്‍ സ്‌കൂളുകള്‍ക്ക് നേരെയാണ് ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. ഒക്ടോബര്‍ 7 ന് യുദ്ധം ആരംഭിച്ചത് മുതല്‍ 120 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ഉണ്ടായതായി യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി വ്യക്തമാക്കി.
രോഗം പടരുന്നു
ഗാസയില്‍ പോളിയോ രോഗം കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ അഭയം പ്രാപിക്കുന്ന ഗാസയിലെ ടെന്റ് ക്യാമ്പുകളിലെ മലിനജലത്തില്‍ പോളിയോ രോഗത്തിന് കാരണമാകുന്ന വൈറസ് കണ്ടെത്തിയതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.