
ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിൽ ചർച്ചയായി ഗാസയിലെ ബന്ദികളും വെടിനിർത്തലും
ട്രംപുമായുള്ള തന്റെ കൂടിക്കാഴ്ചയിലെ പ്രധാന ചർച്ച ഗാസയിലെ ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നതും, ഹമാസിന്റെ സൈനിക-ഭരണകൂട ശേഷിയെ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ചും ആയിരുന്നെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. “ഇറാന് മേൽ നേടിയ വലിയ വിജയ”ത്തിന്റെ അനന്തരഫലങ്ങളും നേതാക്കൾക്കിടയിൽ ചർച്ചയായെന്ന് എക്സിലൂടെ നെതന്യാഹു പറഞ്ഞു.
ഇറാനെതിരെയുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ അമേരിക്കയും പങ്കാളിയായിരുന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നു യുഎസ് ആക്രമണം നടത്തിയത്. ഇസ്രായേലിന്റെയും യുഎസിന്റെയും ആക്രമണങ്ങൾക്ക് ഇറാൻ ശക്തമായ തിരിച്ചടിയും നൽകിയിരുന്നു. ആക്രമണങ്ങൾ അവസാനിപ്പിച്ച ശേഷം ഇരുകക്ഷികളും വിജയം അവകാശപ്പെട്ടു.
നെതന്യാഹുവുമായി ഗാസയിലെ സാഹചര്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ രണ്ട് ദിവസത്തിനിടയിൽ രണ്ട് തവണയാണ് ട്രംപ് കൂടിക്കാഴ്ച നടത്തുന്നത്. രണ്ട് വർഷത്തെ യുദ്ധത്തിനൊടുവിൽ ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപിന്റെ പശ്ചിമേഷ്യൻ നയതന്ത്രപ്രതിനിധികൾ അറിയിച്ചിരുന്നു. നെതന്യാഹുവും വെടിനിർത്തലിനുള്ള പരിശ്രമങ്ങളുടെ വിവരം സ്ഥിരീകരിച്ചു.
ഖത്തറിൽ നിന്നുള്ള പ്രതിനിധിയാണ് ഇസ്രായേലിനും ഹമാസിനുമിടയിലുള്ള ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്. നെതന്യാഹു ചൊവ്വാഴ്ച യുഎസ് പ്രതിനിധികളെ കാണുന്നതിന് മുൻപ് ഖത്തറിലെ പ്രതിനിധി വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥരെ കണ്ടിരുന്നെന്ന് റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.


