മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാല്‍ തോട്ടില്‍ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. റെയില്‍വേ സ്‌റ്റേഷന് സമീപത്തെ തകരപ്പറമ്പ് കനാലില്‍ കണ്ടെത്തിയ മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ജോയിക്കായുള്ള തിരച്ചില്‍ പുനരാരംഭിച്ചിരുന്നു. കാണാതായ ഭാഗത്ത് നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയത്. പൈപ്പില്‍ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരം മാരായമുട്ടം സ്വദേശിയാണ് ജോയി.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് തോട്ടിലെ ഒഴുക്കില്‍പ്പെട്ട് ജോയിയെ കാണാതാകുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ താല്‍ക്കാലിക ജീവനക്കാരനായ ജോയിയെ കൂടാതെ നാല് തൊഴിലാളികള്‍ ചേര്‍ന്നായിരുന്നു തോട്ടിലിറങ്ങിയത്. പെട്ടെന്നുണ്ടായ ഒഴുക്കില്‍ ജോയിയെ കൊണാതായതിനെ തുടര്‍ന്ന് മറ്റ് തൊഴിലാളികള്‍ വിവരമറിയിക്കുന്നതോടെയാണ് തിരച്ചില്‍ ആരംഭിക്കുന്നത്. ചെളിയും മാലിന്യവും അടിഞ്ഞുകൂടി കിടക്കുന്ന അവസ്ഥയിലായിരുന്നു തോട്. റെയില്‍വേ സ്‌റ്റേഷന് അടിവശത്തുകൂടെ കടന്നുപോകുന്ന തുരങ്കസമാനമായ ഭാഗത്തുവച്ചാണ് ജോയി ഒഴുക്കില്‍പ്പെടുന്നത്.