REPRESENTATIONAL IAMGE: PTI
ചെങ്കടലില്‍ ചരക്കുകപ്പലിന് നേരെ വീണ്ടും ഹൂതി ആക്രമണം; മൂന്ന് ജീവനക്കാര്‍ മരിച്ചു
ചെങ്കടലില്‍ ചരക്ക് കപ്പലിന് നേരെയുണ്ടായ ഹൂതികളുടെ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ഏദന്‍ കടലിടുക്കില്‍ വച്ചാണ് കരീബിയന്‍ രാജ്യമായ ബാര്‍ബഡോസിന്റെ പതാകയുള്ള ചരക്കുകപ്പലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായത്. ലൈബീരിയയുടെ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിന് നേരെയാണ് ബുധനാഴ്ച ആക്രമണം ഉണ്ടായതെന്ന് യു എസ് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ കപ്പലിന് സാരമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചെങ്കടലില്‍ ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ തുടരുന്ന ഹൂതി ആക്രമണങ്ങളില്‍ ആദ്യമായാണ് ജീവനക്കാര്‍ മരിക്കുന്നത്.
രണ്ട് ദിവസത്തിനിടെ അഞ്ചാമത്തെ ആക്രമണം
രണ്ട് ദിവസത്തിനിടെ അഞ്ച് തവണ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയതായാണ് വിവരം. ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇസ്രയേല്‍, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ക്ക് നേരെയും ഇവരുമായി ബന്ധമുള്ള കപ്പലുകള്‍ക്കു നേരെയും യെമനിലെ ഹൂതികള്‍ ആക്രമണം നടത്തുന്നത്. ട്രൂ കോണ്‍ഫിഡന്‍സിന് നേരെ ആക്രമണം നടത്തിയതായി ഹൂതി വക്താവ് ബ്രിഗേഡിയന്‍ ജനറല്‍ യഹ്യ സാരീ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യെമനിലെ തുറമുഖ നഗരമായ ഏദനില്‍ നിന്ന് 54 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറായാണ് സംഭവം ഉണ്ടായതെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് ഏജന്‍സി അറിയിച്ചു. 20 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തിന് പിന്നാലെ കഴിഞ്ഞ നവംബര്‍ മുതലാണ് ഹൂതി വിമതര്‍ ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം ആരംഭിച്ചത്. അമേരിക്ക, ബ്രിട്ടന്‍ സഖ്യങ്ങള്‍ക്ക് നേരെ നിരവധി തവണ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓസ്ട്രേലിയ, ബഹറൈന്‍, കാനഡ, നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ യു എസ്-യു കെ സഖ്യം ഹൂതികള്‍ക്ക് നേരെ പ്രത്യാക്രമണവും നടത്തിയിരുന്നു. ഹൂതികളുടെ ഭൂഗര്‍ഭ കേന്ദ്രവും മിസൈല്‍ വ്യോമ നിരീക്ഷണ ശേഷിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. ഡിസംബര്‍ 19നു ശേഷം 27 തവണ ചരക്കു കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.