
ചെങ്കടലില്‍ ഹൂതികള്‍ യുഎസിന്റെ വിമാനവാഹിനി യുദ്ധക്കപ്പലിനെ ആക്രമിച്ചു
ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി റെബല്‍ സംഘം ചെങ്കടലില്‍ യുഎസ് നാവിക സേനയുടെ കപ്പലുകള്‍ക്കുനേരെ ആക്രമണം തുടര്‍ന്നു. കഴിഞ്ഞ 72 മണിക്കൂറുകള്‍ക്കിടയില്‍ നാല് തവണ ആക്രമണം നടത്തിയതായി അവര്‍ അറിയിച്ചു.
യുഎസിന്റെ വിമാനവാഹിനി യുദ്ധക്കപ്പലായ യുഎസ്എസ് ഹാരി ട്രൂമാനേയും ഏതാനും ശത്രുയുദ്ധക്കപ്പലുകളേയും ആക്രമിച്ചുവെന്ന് ഹൂതികളുടെ സൈനിക പ്രതിനിധി സ്ഥിരീകരിച്ചു. ക്രൂസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ കാര്യമായ നാശനഷ്ടം ഉണ്ടായില്ലെന്ന് യുഎസ് അറിയിച്ചു.
യെമനില്‍ ഹൂതികളുടെ പ്രവര്‍ത്തനം ആരംഭിച്ച വടക്കന്‍ നഗരമായ സാദയില്‍ യുഎസ് സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുദ്ധക്കപ്പലിനുനേരെ ആക്രമണം നടന്നത്. സാദയില്‍ മൂന്ന് ഇടത്ത് ആക്രമണം ഉണ്ടായതായി പ്രദേശവാസികള്‍ എഎഫ്പിയോട് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎസ് യെമനില്‍ ഹൂതികള്‍ക്കെതിരെ കടുത്ത ആക്രമണം നടത്തുകയാണ്. ഈ ആക്രമണങ്ങളില്‍ കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം 53 പേര്‍ കൊല്ലപ്പെട്ടിരുന്നു. 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.