TMJ
searchnav-menu
post-thumbnail

REPRESENTATIVE IMAGE: WIKI COMMONS

TMJ Daily

വീണ്ടും തിരിച്ചടിച്ച് ഹൂതികള്‍ ;യുഎസ് യുദ്ധകപ്പലിന് നേരെ മിസൈല്‍ ആക്രമണം

27 Jan 2024   |   2 min Read
TMJ News Desk

യു എസ് - യു കെ സഖ്യത്തിന്റെ ആക്രമണത്തില്‍ തിരിച്ചടിച്ച് ഹൂതികള്‍. ഗള്‍ഫ് ഓഫ് ഏദനില്‍ പട്രോളിംഗ് നടത്തുന്ന യു.എസ്.എസ് കാര്‍ണി എന്ന യുദ്ധകപ്പലിന് നേരെ ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം ആരംഭിച്ചതിന് ശേഷം ഹൂതികള്‍ യുഎസ് യുദ്ധക്കപ്പലിനെ നേരിട്ട് ലക്ഷ്യം വയ്ക്കുന്നത് ആദ്യമായാണ്. മാര്‍ലിന്‍ ലുവാണ്ട എന്ന ബ്രിട്ടീഷ് എണ്ണ കപ്പലിന് നേരെയും ഏദന്‍ ഉല്‍ക്കടലില്‍ ഹൂതി സംഘത്തിന്റെ ആക്രമണം ഉണ്ടായി. ആക്രമണത്തെ തുടര്‍ന്ന് കപ്പലില്‍ തീപിടിത്തമുണ്ടായെങ്കിലും ജീവനക്കാര്‍ക്ക് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കപ്പലുകള്‍ക്ക് നേരെ മിസൈലുകള്‍ തൊടുത്തതായി ഹൂതി വക്താവ് യഹിയ സറിയ പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണത്തിനുള്ള തിരിച്ചടി

ബ്രിട്ടനും അമേരിക്കയും ഈ മാസം 23 ന് ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം. ഹൂതികളുടെ എട്ട് കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ഇരു രാജ്യങ്ങളും ചേര്‍ന്ന് ആക്രമണം നടത്തിയത്. രണ്ട് രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന ഹൂതികള്‍ക്കെതിരായ രണ്ടാമത്തെ ആക്രമണമായിരുന്നു ജനുവരി 23 ന് നടന്നത്. ഓസ്ട്രേലിയ,ബഹറൈന്‍,കാനഡ,നെതര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുടെയും പിന്തുണയോടെയായിരുന്നു യുഎസ് യുകെ സഖ്യത്തിന്റെ ആക്രമണം.

ലക്ഷ്യം ഹൂതികളുടെ സുപ്രധാന കേന്ദ്രങ്ങള്‍ തകര്‍ക്കല്‍

ഹൂതികളുടെ ഭൂഗര്‍ഭ കേന്ദ്രവും മിസൈല്‍ വ്യോമ നിരീക്ഷണ ശേഷിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം. ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നായിരുന്നു അമേരിക്കയുടെ വിശദീകരണം. സ്വയം പ്രതിരോധത്തിന്റെ ഭാഗമായി യു എസുമായി ചേര്‍ന്ന് വീണ്ടും ആക്രമണം നടത്തിയിരിക്കുന്നുവെന്നും ഹൂതികള്‍ക്ക് ഇത് കനത്ത തിരിച്ചടിയാണെന്നുമായിരുന്നു യു കെ ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സിന്റെ പ്രതികരണം. ഗള്‍ഫ് ഓഫ് ഏദനില്‍ വച്ച് അമേരിക്കന്‍ സൈനിക ചരക്ക് കപ്പലായ ഓഷ്യന്‍ ജാസ് ആക്രമിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു പുതിയ ആക്രമണം.

പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഹൂതികളുടെ പ്രഖ്യാപനം

തങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി പറയുമെന്ന്് ഹൂതികള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിന്റെ ഗാസ അധിനിവേശത്തില്‍ ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഹൂതികള്‍ ചെങ്കടലിലൂടെയുള്ള കപ്പലുകള്‍ക്കുനേരെ ആക്രമണം നടത്തുന്നത്. യു എസിന് പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ക്കു നേരെയും തിരിച്ചടി ഉണ്ടാകുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഡിസംബര്‍ 19നു ശേഷം 27 തവണ ചരക്കു കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലേക്കുള്ള കപ്പലുകള്‍ക്കുനേരെയും ആക്രമണം നടന്നു. ആക്രമണങ്ങള്‍ രൂക്ഷമായതിനു പിന്നാലെ ചെങ്കടല്‍ വഴിയുള്ള കപ്പലുകളുടെ യാത്രയും താല്‍കാലികമായി നിര്‍ത്തിവച്ചിരുന്നു. ഇതോടെ പല കപ്പലുകളും പരമ്പരാഗതമായി ഉപയോഗിച്ചുവന്ന കപ്പല്‍പാത ഉപേക്ഷിച്ച് ആഫ്രിക്കയെ ചുറ്റിയുള്ള ദീര്‍ഘദൂര പാതയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് വന്‍ സാമ്പത്തിക നഷ്ടത്തിനും ചരക്കുകൈമാറ്റം വൈകുന്നതിനും കാരണമായി.


#Daily
Leave a comment