
ചൈനയ്ക്ക് നേട്ടമായി ഹുവാവേയുടെ മേറ്റ് എക്സ്ടി
ഐഫോൺ 16 അവതരിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ ലോകത്തെ ആദ്യത്തെ, മൂന്നായി മടക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ പുറത്തിറക്കി ഹുവാവേ. ഇത്തരത്തിലുള്ള ഉൽപ്പന്നമിറക്കിക്കൊണ്ട് സാങ്കേതികലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഹുവാവേ. യുഎസ് ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകളെയും നിരോധനങ്ങളെയും മറികടന്നുകൊണ്ട് പുറത്തിറക്കിയിട്ടുള്ള സ്മാർട്ട്ഫോൺ ഒരേ സമയം ഹുവാവേക്കും ചൈനക്കും അഭിമാനമായി മാറിയിരിക്കുകയാണ്. 2800 യുഎസ് ഡോളർ വിലവരുന്ന ഉൽപ്പന്നം ചൈനയിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.
എക്സിന് പകരമുള്ള ചൈനയിലെ സമൂഹമാധ്യമമായ വെയ്ബോയിൽ ചൈനീസ് സ്മാർട്ട്ഫോൺ ആരാധകർ വളരെ ആവേശത്തോടെയാണ് ഹുവാവേയുടെ മേറ്റ് എക്സ്ടിയെ വരവേറ്റിരിക്കുന്നത്. യുഎസ് വിലക്കുകളെല്ലാം കാറ്റിൽ പറത്തിയെന്നാണ് വെയ്ബോയിൽ ഉയരുന്ന അഭിപ്രായങ്ങൾ. ചൈനയിലെ ആപ്പിൾ സ്റ്റോർ ജീവനക്കാർ കൂട്ടത്തോടെ സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത് കാണുവാൻ ഹുവാവേ സ്റ്റോറുകളിലേക്ക് പോവുന്ന ദൃശ്യങ്ങൾ വെയ്ബോയിൽ വൈറലാണ്.
യുഎസിൽ വളരെ പ്രീതി ആർജിച്ചുകൊണ്ടിരുന്ന ഹുവാവേ സ്മാർട്ട്ഫോണുകൾക്ക് തിരിച്ചടിയായാണ് അമേരിക്ക വിലക്കുകൾ മുന്നോട്ട് വെച്ചത്. രാജ്യസുരക്ഷയ്ക്ക് അപകടമാണെന്ന് ആരോപിച്ചാണ് യുഎസ് ഹുവാവേയെ വിലക്കിയത്. അതിനാൽ തന്നെ നിലവാരമുള്ള ചിപ്പുകളടക്കം അമേരിക്കയിൽ നിന്ന് ഹുവാവേക്കായി, ചൈനയിലേക്കുള്ള കയറ്റിയയക്കലുകൾക്കു നിരോധനം ഏർപ്പെടുത്തിയിരുന്നു. ഗൂഗിളിന്റെ സർവ്വീസുകളും ഉപയോഗിക്കുന്നതിനും ഹുവാവേക്ക് വിലക്കേർപ്പെടുത്തി. ഇത് മൂലം ഹുവാവേ സ്മാർട്ട്ഫോൺ കമ്പനി തകരുമെന്ന് പ്രതീക്ഷിച്ച യുഎസ് ഉൾപ്പടെ സകലരുടെയും പ്രതീക്ഷകൾ അസ്ഥാനത്തായി.
ഹാർമണി OS 4.2 സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണിന്, ഒരു തവണ മടക്കിയാൽ 7.9 ഇഞ്ച് സ്ക്രീനും, രണ്ട് തവണ മടക്കിയാൽ 6.4 ഇഞ്ച് സ്ക്രീനുമാണുള്ളത്. മടക്കാതിരിക്കുമ്പോൾ 10.2 ഇഞ്ച് ആണ് സ്ക്രീനിന്റെ വലുപ്പം. 12 ത്രെഡ് 8 കോർ കിറിൻ 9010 ചിപ്‌സെറ്റാണ് ഫോണിലുള്ളത്. 16ജിബി RAM ഉള്ള ഫോൺ 256ജിബി, 512ജിബി കൂടാതെ 1TB സ്റ്റോറേജ് ഓപ്ഷനുകളിൽ ലഭ്യമാണ്. 50 മെഗാപിക്സൽ OIS ക്യാമറയും, 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും, 12 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറയും പുറകിലുള്ള ഫോണിൽ സെൽഫിക്കും വീഡിയോ കോളിനുമായി 8 മെഗാപിക്സൽ ക്യാമറ മുന്നിലുമുണ്ട്. 66W വയേഡ് ചാർജറും 50W വയർലെസ്സ് ചാർജിങ്ങിനും കെൽപ്പുള്ള ഫോണിൽ 5600mAh ബാറ്ററിയാണുള്ളത്.
അതേസമയം 19,999 യുആൻ ചൈനയിൽ വിലവരുന്ന ഫോൺ പക്ഷേ സാധാരണക്കാർക്ക് ഉയർന്ന വില മൂലം വാങ്ങാൻ കഴിയില്ലെന്നുള്ളത് വലിയ വിമർശനങ്ങൾക്കും ചൈനയിൽ വഴിവെക്കുന്നുണ്ട്. ആപ്പിൾ ഐഫോൺ 16ഉം ഹുവാവേ മേറ്റ് എക്സ്ടിയും സെപ്റ്റംബർ 20 മുതൽ വിപണിയിൽ ലഭ്യമാവും.