PHOTO: WIKI COMMONS
ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കി മനുഷ്യാവകാശ കമ്മീഷന്‍
രാജ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപദേശം നല്‍കി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയ സൗജന്യമായി നടത്തുക, പൊതുവിടങ്ങളില്‍ പ്രത്യേക ശുചിമുറി സൗകര്യം ഒരുക്കുക എന്നിങ്ങനെ പ്രധാനപ്പെട്ടതും അടിസ്ഥാനപരമായതുമായ നിര്‍ദേശങ്ങളാണ് മനുഷ്യാവകാശ കമ്മീഷന്‍ മുന്നോട്ടു വെക്കുന്നത്.
മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍
കാലാകാലങ്ങളായി സമൂഹത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ നിരവധി അവകാശ ലംഘനങ്ങളാണ് നേരിടുന്നത്. പൊതുവിടങ്ങളില്‍ നിന്ന് നേരിടുന്ന വിവേചനം, തൊഴിലില്ലായ്മ, ആരോഗ്യപരമായി നേരിടുന്ന വെല്ലുവിളികള്‍ എന്നിവ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ ജീവിതത്തില്‍ കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നത് അടിസ്ഥാനപരമായ ആവശ്യങ്ങള്‍ നിറവേറ്റാനാണ്.
*പൂര്‍വ്വികരുടെ ഭൂമിയില്‍ അവകാശം അനുവദിക്കുക.
*ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണത്തിനായി ട്രാന്‍സ് ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോര്‍ഡ് രൂപീകരിക്കുക.
*ലൈംഗിക പീഡന പരാതികളില്‍ മതിയായ നടപടി കൈക്കൊള്ളുക.
*വിദ്യാഭ്യാസ സ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന മുന്‍വിധികള്‍, വിവേചനം, ലൈംഗികാതിക്രമം, എന്നിവ പരിഹരിക്കാന്‍ നിരീക്ഷണ സമിതി രൂപീകരിക്കുക
*സൗജന്യ വിദ്യാഭ്യാസം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ ഉറപ്പാക്കുക.
*ലിംഗമാറ്റ ശസ്ത്രക്രിയക്കും മറ്റു ചികിത്സകള്‍ക്കും സഹായം നല്‍കുന്നതിനായ് ജില്ലാ തലത്തില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക.
തുടങ്ങിയ നിര്‍ദേശങ്ങളാണ് സാമൂഹ്യ നീതി വകുപ്പിനും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഭരണാധികാരികള്‍ എന്നിവര്‍ക്ക് അയച്ച കത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.