PHOTO: WIKI COMMONS
ഇസ്രയേല്‍ പട്ടിണി ആയുധമാക്കുന്നെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്
പലസ്തീനുമേല്‍ ഇസ്രയേല്‍ പട്ടിണി യുദ്ധ ആയുധമായി പ്രയോഗിക്കുന്നെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സംഘടന. ഇസ്രയേല്‍ വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവ നിഷേധിക്കുകയും കാര്‍ഷിക മേഖലയെ തുടച്ചുനീക്കുകയും ചെയ്യുന്നു എന്നാണ് സംഘടന പറയുന്നത്. എന്നാല്‍ ഹമാസ് നടത്തിയ കൂട്ടക്കൊലയില്‍ മിണ്ടാതിരുന്നവര്‍ക്ക് ഇപ്പോള്‍ പ്രതികരിക്കാന്‍ ധാര്‍മിക അവകാശമില്ലെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്നും ഇസ്രയേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംഘടനയാണെന്നും ഇസ്രയേല്‍ പ്രതികരിച്ചു.
ഇസ്രയേല്‍ പിന്നോട്ടില്ല; മരണസംഖ്യ ഉയരുന്നു
യുദ്ധം ആരംഭിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ഇസ്രയേല്‍ ആക്രമണത്തില്‍ നിന്നും പിന്നോട്ട് പോയിട്ടില്ല. ഗാസയില്‍ പട്ടിണി രൂക്ഷമാകുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഗാസയില്‍ സാധാരണ ജനങ്ങള്‍ക്കെത്തിക്കുന്ന ഇന്ധനവും ഭക്ഷണവും ഹമാസ് അവരുടെ തുരങ്കങ്ങളിലേക്ക് കടത്തുന്നു എന്നാണ് ഇസ്രയേലിന്റെ ആരോപണം. മരണസംഖ്യ ഉയരുമ്പോഴും ആക്രമണം നിര്‍ത്താന്‍ ഇസ്രയേല്‍ തയ്യാറാകുന്നില്ല.
ജബലിയയില്‍ ഞായറാഴ്ച തുടങ്ങിയ ബോംബാക്രമണത്തില്‍ 110 ത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. 18,787 മനുഷ്യര്‍ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് പലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. വെള്ളക്കൊടി വീശി രക്ഷപ്പെടാന്‍ശ്രമിച്ച മൂന്ന് ബന്ദികളെയും ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബന്ദികളുടെ മോചനവും വെടിനിര്‍ത്തലും സംബന്ധിച്ച പുതിയ ധാരണയുണ്ടാക്കുന്നതിനായ് സിഐഎ ഡയറക്ടര്‍ ബില്‍ ബോണ്‍സ് ഖത്തര്‍ പ്രധാനമന്ത്രി ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ത്താനിയെയും മൊസാദിന്റെ തലവനെയും കണ്ട് ചര്‍ച്ച നടത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.