
മനുഷ്യ- വന്യജീവി സംഘര്‍ഷം: മുഖ്യമന്ത്രി ഉന്നത തല യോഗം വിളിച്ചു
മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതല യോഗം വിളിച്ചു.ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ആണ് യോഗം.
വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി,റവന്യൂ, ആരോഗ്യം, ജലസേചനം വകുപ്പ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും.
ചീഫ് സെക്രട്ടറി, വനം, ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആഭ്യന്തരം, ജലസേചനം, റവന്യൂ വകുപ്പ് സെക്രട്ടറിമാര്‍, വനം - വന്യജീവി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി എന്നിവരും പങ്കെടുക്കും.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്യും.
അതേസമയം, ആറളത്ത് ഇന്നലെ കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടത് അസാധാരണവും ദൗര്‍ഭാഗ്യകരവുമായ സംഭവമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അമ്പലക്കണ്ടി ആദിവാസി നഗറിലെ വെള്ളി (80), ഭാര്യ ലീല (70) എന്നിവരെ കശുവണ്ടി ശേഖരിക്കുന്നതിന് ഇടയിലാണ് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.
വന്യജീവി ആക്രമണങ്ങള്‍ തടയാനുള്ള ക്രമീകരണങ്ങള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു.
അടിക്കാട് വെട്ടല്‍, നിര്‍മ്മാണം നടക്കുന്ന ആനമതില്‍ക്കെട്ട് തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് വന്യജീവികളെ നിയന്ത്രിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.


