TMJ
searchnav-menu
post-thumbnail

TMJ Daily

കേന്ദ്ര ഏജന്‍സികളുടെ വേട്ട: ഹര്‍ജി സുപ്രീം കോടതി ഏപ്രില്‍ 5ന് പരിഗണിക്കും

24 Mar 2023   |   1 min Read
TMJ News Desk

ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ എന്നീ കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിന് എതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജി അടുത്ത മാസം അഞ്ചിന് പരിഗണിക്കും. 14 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ്സ് നേതാവു കൂടിയായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്‌വി ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായി.

കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അറസ്റ്റ്, റിമാന്‍ഡ്, ജാമ്യം എന്നിവയുടെ കാര്യത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ പ്രധാന അവശ്യം. ഈ ഏജന്‍സികള്‍ എടുത്തിരിക്കുന്ന കേസ്സുകളില്‍ 95 ശതമാനവും പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണെന്ന് സിംഗ്‌വി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബെഞ്ചിനെ ധരിപ്പിച്ചു. ഹര്‍ജിയില്‍ ഏപ്രില്‍ അഞ്ചിന് വിശദമായ വാദം കേള്‍ക്കാമെന്ന് കോടതി സമ്മതിക്കുകയായിരുന്നു.

കോണ്‍ഗ്രസ്സ്, ആം ആദ്മി പാര്‍ട്ടി, ശിവ് സേന, ഡിഎംകെ, ആര്‍ജെഡി, ബിആര്‍എസ്, സിപിഐ എം എന്നിവ ഉള്‍പ്പടെയുള്ള പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 2014 നു ശേഷം ഇഡിയുടെ കേസ്സുകളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അവയില്‍ ഭൂരിഭാഗവും നരേന്ദ്ര മോദിയുടെ വിമര്‍ശകരെയാണ് ലക്ഷ്യംവച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാല്‍ ഈ കേസ്സുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ തീരെ കുറവാണ്. അന്വേഷണം നേരിടുന്നവര്‍ ബിജെപിയില്‍ ചേര്‍ന്നുകഴിഞ്ഞാല്‍ കേസ്സുകള്‍ ഇല്ലാതാവുന്നതായും പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്.


#Daily
Leave a comment