
മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ; 30 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി
ഫ്ലോറിഡയില്‍ നാശംവിതച്ച് മില്‍ട്ടണ്‍ ചുഴലിക്കാറ്റ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പ്രവേശിച്ചു. ഫ്ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് 125 വീട് തകര്‍ന്നു. വിവിധയിടങ്ങളിലായി 10 പേര്‍ മരിച്ചു. 30 ലക്ഷം വീടുകളില്‍ വൈദ്യുതി മുടങ്ങി. ഫ്ലോറിഡയില്‍ ലക്ഷക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചത്.
സെപ്തംബര്‍ അവസാനം ഫ്ലോറിഡ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നാശംവിതച്ച ഹെലന്‍ ചുഴലിക്കാറ്റിന് പിന്നാലെയാണ് മില്‍ട്ടണും എത്തിയത്.
ഹെലന്‍ ചുഴലിക്കാറ്റിൽ 230 പേരാണ് മരിച്ചത്. മില്‍ട്ടണ്‍ ചുഴലിക്കാറ്റിന്റെ ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള (ISF) നാസ ശാസ്ത്രജ്ഞന്‍ മാത്യു ഡൊമിനിക് പകര്‍ത്തിയിരുന്നു.
മധ്യ ഫ്‌ലോറിഡയ്ക്ക് മുകളിലൂടെ നീങ്ങുന്ന ചുഴലിക്കാറ്റിനൊപ്പം അതിശക്തമായ മിന്നല്‍ അടിക്കുന്നതും ദൃശ്യത്തിലുണ്ട്. ഫ്‌ലോറിഡയിലും സമീപ പ്രദേശങ്ങളിലും കൊടുങ്കാറ്റിന്റെ ആഘാതം ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാലാവസ്ഥാ നിരീക്ഷകരും എമര്‍ജന്‍സി മാനേജ്മെന്റ് ഉദ്യോഗസ്ഥരും മില്‍ട്ടനെ നിരീക്ഷിച്ച് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്.


