
എനിക്ക് ട്രംപിനെ തോല്‍പിക്കാന്‍ കഴിയുമായിരുന്നു: ജോ ബൈഡന്
കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ അടുത്ത നാല് വര്‍ഷ കാലാവധിയ്ക്കുവേണ്ട ആരോഗ്യം ഉണ്ടാകുമെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും 82 വയസ്സുള്ള അദ്ദേഹം പറഞ്ഞു.
യുഎസ്എ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതുവരെ മികച്ചതാണ്. പക്ഷേ, തനിക്ക് 86 വയസ്സാകുമ്പോള്‍ എന്താകുമെന്ന് ആര്‍ക്കറിയാം എന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന്റെ കാലാവധി നാല് വര്‍ഷമാണ്.
മുന്‍ റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ലിസ് ചെനി, ആരോഗ്യ വിദഗ്ദ്ധനായ ഡോ ആന്റണി ഫൗസി എന്നിവരടക്കമുള്ള ട്രംപിന്റെ ശത്രുക്കള്‍ക്ക് മാപ്പ് നല്‍കുന്ന കാര്യം ബൈഡന്‍ ഇപ്പോഴും പരിഗണിക്കുന്നുണ്ട്. ട്രംപ് തന്റെ മന്ത്രിസഭയിലേക്ക് ആരെയെല്ലാം തിരഞ്ഞെടുക്കുന്നുവെന്നതിനെ അനുസരിച്ച് താന്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ബൈഡന്‍ പറഞ്ഞു.
ജനുവരി 20-നാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. പ്രസിഡന്റ് പദവിയിലെ അവസാന നാളുകളിലൂടെ കടന്നു പോകുന്ന ബൈഡന്‍ ഒരു അച്ചടി മാധ്യമത്തിന് നല്‍കിയ ഏക അഭിമുഖമാണ് യുഎസ്എ ടുഡേയ്ക്ക് ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈ 21-ന് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയശേഷം മാധ്യമങ്ങള്‍ ബൈഡനെ ബന്ധപ്പെടുന്നതിന് വൈറ്റ് ഹൗസ് കര്‍ശനമായ നിയന്ത്രണം ആണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തന്റെ മകന്‍ ഹണ്ടര്‍ ബൈഡന് മാപ്പ് നല്‍കിയതിനെ അദ്ദേഹം ന്യായീകരിച്ചു. രണ്ട് ക്രിമിനല്‍ കേസുകളാണ് ഹണ്ടര്‍ ബൈഡന്റെ പേരില്‍ ഉണ്ടായിരുന്നത്. നികുതി വെട്ടിപ്പും നിയമവിരുദ്ധമായി തോക്ക് വാങ്ങിയതിനും മാപ്പ് നല്‍കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞശേഷമാണ് ജോ ബൈഡന്‍ മകന് മാപ്പ് നല്‍കിയത്.
ബൈഡന്‍ തന്റെ പ്രായവും ആരോഗ്യവും മാനസികാരോഗ്യവും പരിഗണിക്കാതെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങിയത് സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകളില്‍ നിന്നടക്കം വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍, വിമര്‍ശനം ശക്തമായപ്പോള്‍ ബൈഡന്‍ പിന്‍വാങ്ങുകയും വൈസ് പ്രസിഡന്റായ കമല ഹാരിസ് ട്രംപിനെ നേരിട്ട് പരാജയമേറ്റ് വാങ്ങുകയും ചെയ്തിരുന്നു.