
പ്രസംഗിക്കാന്‍ വന്നതല്ല, പങ്കാളിയാകാന്‍ വന്നതാണ്: യുഎസ് വൈസ് പ്രസിഡന്റ്
പ്രസംഗിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും എന്നാല്‍ ഇന്ത്യയുമായി ഒരു പങ്കാളിയെന്ന നിലയില്‍ പ്രവര്‍ത്തിക്കാനും ബന്ധം ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്നുവെന്നും വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞു. യുഎസ് ചെലവ് കുറഞ്ഞ ലേബറിനുള്ള ഉറവിടമായിട്ടാണ് ഇന്ത്യയെ കാണുന്നതെന്ന് നേരത്തെ വാന്‍സ് പറഞ്ഞിരുന്നു.
ഇരുരാജ്യങ്ങള്‍ക്കും പരസ്പരം കൂടുതല്‍ വാഗ്ദാനം ചെയ്യാനുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അതിനാലാണ് പങ്കാളിയെന്ന നിലയില്‍ നിങ്ങള്‍ക്ക് സമീപത്തേക്ക് വന്നതെന്നും വാന്‍സ് ഇന്ന് രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു പരിപാടിയില്‍ പറഞ്ഞു.
നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് വാന്‍സ് ഇന്ത്യയിലെത്തിയത്. ഇന്നലെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
കരാറിന്റെ ടേംസ് ഓഫ് റഫറന്‍സ് തയ്യാറായതായി ഇന്ന് യുഎസ് അറിയിച്ചിരുന്നു. അതേസമയം, ഇന്ത്യയുടെ ഇ വ്യാപാര വിപണി യുഎസ് വമ്പന്‍മാരായ ആമസോണിനും വാള്‍മാര്‍ട്ടിനും പൂര്‍ണമായും തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയുടെ മേല്‍ യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


