
ഐ ലീഗ്: ജയം തേടി ഗോകുലം കേരള; എതിരാളി കശ്മീര്‍ എഫ്‌സി
ഐ ലീഗില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്താന്‍ ഗോകുലം കേരളം ഇന്ന് കളത്തിലിറങ്ങുന്നു. അവസാന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെയുള്ള മത്സരത്തിലേറ്റ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ വേണ്ടിയാണ് മലബാറിയന്‍സ് ഇന്ന് സ്വന്തം തട്ടകത്തില്‍ റിയല്‍ കശ്മീര്‍ എഫ് സിയെ നേരിടുന്നത്.
ചര്‍ച്ചിലിന്റെ മൈതാനത്തില്‍ നടന്ന അവസാന മത്സരത്തില്‍ മികവ് കാട്ടിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയായിരുന്നു ഗോകുലത്തിന് തിരിച്ചടിയായത്. കിരീടപ്പോരാട്ടത്തിലേക്ക് തിരിച്ചെത്തണമെങ്കില്‍ ഗോകുലം കേരളക്ക് ഇന്ന് ജയിച്ചേ മതിയാകൂ എന്ന നിലയിലാണ്. നവംബറില്‍ റിയല്‍ കശ്മീരിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന എവേ മത്സരത്തില്‍ 1-1 എന്ന നിലയില്‍ മത്സരം അവസാനിച്ചിരുന്നു. അതിനാല്‍ ഇന്ന് സ്വന്തം തട്ടകത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ ഗോകുലം ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല.
അവസാന മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ മലബാറിയന്‍സ് ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികച്ച ജയം കൈവരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. 13 മത്സരത്തില്‍ നിന്ന് 19 പോയിന്റുള്ള ടീം പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇന്ന് ജയിക്കുകയാണെങ്കില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്താന്‍ ഗോകുലത്തിന് കഴിയും.
''അവസാന മത്സരത്തിലെ തോല്‍വിയിലെ തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. ആക്രമണം ശക്തമാക്കി തുടക്കത്തില്‍ തന്നെ കൂടുതല്‍ ഗോളുകള്‍ നേടുക എന്ന ഉദ്ദേശ്യത്തോടെയാണ് ടീം ഇന്ന് കളത്തിലിറങ്ങുന്നത്,' ജയിച്ച് മൂന്ന് പോയിന്റ് നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം ഇപ്പോള്‍ ടീമിനുണ്ടെന്നും പരിശീലകന്‍ അന്റോണിയോ റുവേഡ വ്യക്തമാക്കി.