TMJ
searchnav-menu
post-thumbnail

TMJ Daily

ഐലീഗ് സൂപ്പര്‍ ക്ലൈമാക്‌സില്‍; കിരീട പോരാട്ടത്തിന് 3 ടീമുകള്‍ നാളെ ഇറങ്ങും

05 Apr 2025   |   2 min Read
TMJ News Desk

-ലീഗ് സീസണിന്റെ ആവേശകരമായ  ക്ലൈമാക്‌സിന് കോഴിക്കോട് വേദിയൊരുങ്ങുന്നു, നാളെ കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നാളെ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന മത്സരത്തില്‍ ഗോകുലം കേരള എഫ്സി ഡെംപോ എസ്സി ഗോവയെ നേരിടും. ജികെഎഫ്സിയുടെ ചാമ്പ്യന്‍ഷിപ്പ് മോഹങ്ങള്‍ക്ക് ഈ മത്സരം നിര്‍ണായകമാണ്, മൂന്നാം ലീഗ് കിരീടവും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള (ഐഎസ്എല്‍) സ്ഥാനക്കയറ്റവുമാണ് ടീം ഉന്നമിടുന്നത്. 21 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുമായി ഗോകുലം നിലവില്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്, ലീഗ് തലപ്പത്തുള്ള ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സി ഗോവയേക്കാള്‍ രണ്ട് പോയിന്റ് മാത്രം പിന്നിലാണ്. 21 മത്സരങ്ങളില്‍ നിന്ന് 39 പോയിന്റ്. 36 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള റിയല്‍ കശ്മീര്‍ എഫ്സിയും കിരീടത്തിനായുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ട്.

നാളെ ഗോകുലവും- ഡെംപോ എസ്സി ഗോവ പോരാട്ടം നടക്കുന്ന സമയത്ത് തന്നെ ശ്രീനഗറില്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സി ഗോവ -റിയല്‍ കശ്മീര്‍ എഫ്സിയും ഏറ്റുമുട്ടും. ഈ രണ്ടു മത്സരങ്ങളും ലീഗിലെ തന്നെ ഏറ്റവും നിര്‍ണായക മത്സരങ്ങളാണ്.

ഗോകുലത്തിന് ഐ-ലീഗ് കിരീടം നേടണമെങ്കില്‍, ഗോകുലം ഡെംപോയെ പരാജയപ്പെടുത്തുകയും, ചര്‍ച്ചില്‍ ബ്രദേഴ്സ് റിയല്‍ കശ്മീര്‍ എഫ്സിയോട് തോല്‍ക്കുകയും വേണം. റിയല്‍ കശ്മീര്‍ എഫ്സിക്ക്  ചര്‍ച്ചില്‍ ബ്രദേഴ്സിനെ 3-0 എന്ന മാര്‍ജിനില്‍ തോല്‍പ്പിക്കുകയും ജികെഎഫ്സി ഡെംപോ എസ്സി ഗോവയോട് തോല്‍ക്കുകയും ചെയ്താല്‍, കിരീടം റിയല്‍ കാശ്മീരിന് നേടാനാകും. അതേസമയം, റിയല്‍ കശ്മീര്‍ എഫ്സിക്കെതിരായ ഒരു സമനിലയോ വിജയമോ മാത്രം മതി ചര്‍ച്ചില്‍ ബ്രദേഴ്സ് എഫ്സി ഗോവയ്ക്ക് കിരീടം ഉറപ്പിക്കാന്‍, ഇത് ചാമ്പ്യന്മാരെ നിര്‍ണ്ണയിക്കുന്നതില്‍ അവരുടെ മത്സരത്തെയും  ഒരുപോലെ നിര്‍ണായകമാക്കുന്നു.

ലീഗില്‍ മുന്‍പ് ഡെംപോ എസ് സി യെ നേരിട്ട ഗോകുലം 1 -0 മാര്‍ജിനില്‍ ജയിച്ചിരുന്നു. പോയിന്റ് ടേബിളില്‍ ഒന്‍പതാം സ്ഥാനത്താണവരിപ്പോള്‍, ജികെഎഫ്സി മുമ്പ് രണ്ടുതവണ ഐ-ലീഗ് ട്രോഫി ഉയര്‍ത്തിയിട്ടുണ്ടെങ്കിലും, ആ സമയത്ത്, ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്കുള്ള (ഐഎസ്എല്‍) സ്ഥാനക്കയറ്റം നിലവില്‍ വന്നിട്ടില്ലായിരുന്നു. കഴിഞ്ഞ രണ്ടു എഡിഷനിലെയും ഐ ലീഗ് ചാംപ്യന്‍സിന് ഐ എസ് എല്‍ എന്‍ട്രി ലഭിച്ചിരുന്നു, ഈ സീസണിലെ ചാമ്പ്യനും  ഐഎസ്എല്ലിലേക്ക് നേരിട്ട് സ്ഥാനക്കയറ്റം ലഭിക്കും, അതിനാല്‍ ഒരു വിജയം  ക്ലബ്ബിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക നിമിഷമായി  മാറിയേക്കാം.

മുന്‍ ഹെഡ് കോച്ച് അന്റോണിയോ റൂവേഡയെ പുറത്താക്കിയശേഷം അസിസ്റ്റന്റ് കോച്ച് രഞ്ജിത്ത് ടിഎയും  ടെക്‌നിക്കല്‍ ഡയറക്ടര്‍ രഞ്ജിത്ത് സിമ്മും ചേര്‍ന്ന് പിന്നീടുള്ള മത്സരങ്ങൡ ടീമിനെ മികച്ച രീതിയില്‍ സജ്ജമാക്കി. അവരുടെ നേതൃത്വത്തില്‍, കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ ആറ് മത്സരങ്ങളിലും  ഗോകുലം വിജയിച്ചു, ഒരു തോല്‍വി മാത്രം.

മിഡ് ഫീല്‍ഡറും ക്യാപ്റ്റനുമായ സെര്‍ജിയോ ലാമാസിന്റെ മികവില്‍ ടീമിന്റെ ആക്രമണം മികച്ച ഫോമിലെത്തി. ഗോകുലത്തിന്റെ സ്ട്രൈക്കറായ തബിസോ ബ്രൗണ്‍ കഴിഞ്ഞ നാല് മത്സരങ്ങളിലും ഗോള്‍ നേടിയിട്ടുണ്ട്, ഈ സീസണില്‍ ഇതുവരെ എട്ട് ഗോളുകള്‍ നേടി താബിസോ ബ്രൗണ്‍. അതേസമയം, ഇഗ്‌നാസിയോ അബെലെഡോ ടീമിന്റെ വിജയങ്ങളില്‍ ചെലുത്തുന്ന പങ്കുചെറുതല്ല, ഒമ്പത് ഗോളുകളുമായി ക്ലബ്ബിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയത് ആബേലഡോ ആണ്.





#Daily
Leave a comment