റേഡിയോ ആക്ടീവ് വെള്ളം പുറത്തുവിടുംമുമ്പ് ഐ.എ.ഇ.എ മേധാവി ഫുക്കുഷിമ സന്ദർഷിക്കും
ജപ്പാനിലെ ഫുക്കുഷിമയിൽ തകർന്ന ആണവ നിലയത്തിൽ നിന്നുള്ള റേഡിയോ ആക്ടീവ് ജലം ശുദ്ധീകരിച്ച് തുറന്നുവിടുന്നതിന് മുൻപ് ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയുടെ (ഐഎ ഇഎ) മേധാവി ആണവനിലയം സന്ദർശിക്കും. ആണവ വികിരണം ബാധിച്ച വെള്ളം കടലിലേക്ക് തുറന്ന് വിടുമ്പോൾ സുരക്ഷ ഉറപ്പാക്കുന്നതിനെ പറ്റി ഐഎഇഎ മേധാവി റാഫേൽ മരിയാനോ ഗ്രോസി സർക്കാർ ഉദ്യോഗസ്ഥർ, പ്രാദേശിക മേയർമാർ, മത്സ്യബന്ധന അസോസിയേഷൻ നേതാക്കൾ എന്നിവരുമായി യോഗം ചേർന്നു.
വെള്ളം കടലിലേക്ക് തുറന്ന് വിടുന്നത് അസാധാരണമല്ലെന്നും IAEA സാക്ഷ്യപ്പെടുത്തുന്നത് പ്രകാരം ലോകമെമ്പാടും അംഗീകരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന പൊതുകാര്യമാണെന്നും ഗ്രോസി പറഞ്ഞു.
റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് തുറന്ന് വിടാനുള്ള തീരുമാനം
പ്ലാന്റിന്റെ ഒപ്പറേറ്ററായ ടോക്കിയോ ഇലക്ട്രിക് കമ്പനിയും സർക്കാരും 1.3 ദശലക്ഷം ടണ്ണിലധികം ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് വെള്ളം കടലിലേക്ക് തുറന്നുവിടാനുള്ള അന്തിമ തയ്യാറെടുപ്പുകൾ നടത്തുകയാണ്. പതിറ്റാണ്ടുകളായി ശുദ്ധീകരിച്ച ശേഷം നിയന്ത്രിതമായി ഈ വെള്ളം പുറന്തള്ളുന്നത് സുരക്ഷിതമാണെന്ന് സർക്കാർ പറയുമ്പോഴും പ്രദേശ നിവാസികളും, മത്സ്യതൊഴിലാളികളും, ചൈന, ദക്ഷിണ കൊറിയ, പസഫിക് ദ്വീപ് രാഷ്ട്രങ്ങളും അതിനെ എതിർക്കുന്നു. എന്നാൽ നടന്നുകൊണ്ടിരിക്കുന്ന പുനർ നിർമ്മാണശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ശുദ്ധീകരിച്ച വെള്ളം പുറന്തള്ളുന്നത് വൈകിപ്പിക്കാൻ കഴിയാത്ത നടപടിയാണെന്നും ജപ്പാൻ പ്രസിഡന്റ് ഫ്യൂമിയോ കിഷിദ വ്യക്തമാക്കി.
ഫുകുഷിമ ദുരന്തം
2011 മാർച്ച് 11 ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരങ്ങളിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും ഒകുമ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഫുക്കുഷിമ ഡെയ്ച്ചി ആണവ നിലയത്തിലെ വൈദ്യുതി വിതരണം തടസപ്പെടുകയും മൂന്ന് റിയാക്ടറുകളിലെ കൂളിംഗ് സംവിധാനങ്ങൾ നിലയ്ക്കുകയും ചെയ്തു. ഇതേ തുടർന്ന് തീപ്പിടുത്തവും സ്ഫോടനവും ഉണ്ടാവുകയും വൻതോതിൽ ആണവ വികിരണങ്ങൾ വായുവിലേക്ക് പുറന്തള്ളപ്പെടുകയും ചെയ്തു. നിലയങ്ങളുടെ പ്രവർത്തനം അതോടെ നിലച്ചു. ചെർണോബിൽ ആണവ ദുരന്ത ശേഷം ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഫുകുഷിമ. ഫുക്കോഷിമ ദുരന്തത്തിൽ നേരിട്ടുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തില്ലെങ്കിലും ഏകദേശം ഭൂകമ്പത്തിലും സുനാമിയിലുമായി 25,000 ത്തിലധികം പേർ മരിച്ചതായി കണക്കാക്കപ്പെടുന്നു. പരിസര പ്രദേശങ്ങളിലെ റേഡിയേഷൻ അളക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഒരു തൊഴിലാളി ശ്വാസകോശ അർബുദം ബാധിച്ച് മരിച്ചതായി റിപ്പോർട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 160,000-ലധികം ആളുകൾ റേഡിയേഷൻ ബാധിത പ്രദേശത്ത് നിന്നും ഒഴിഞ്ഞുപോവുകയും 30,000 ത്തോളം പേർക്ക് ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരികയും ചെയ്തുവെന്നും കണക്കാക്കപ്പെടുന്നു.