
ശ്രീലങ്കൻ ക്രിക്കറ്റർക്ക് ഒരു വർഷത്തെ വിലക്കേർപ്പെടുത്തി ഐസിസി
ശ്രീലങ്കൻ ക്രിക്കറ്റിലെ ഇടങ്കയ്യൻ സ്പിന്നറായ പ്രവീൺ ജയവിക്രമയ്ക്ക് ഒരു വർഷത്തെ വിലക്കേർപ്പെടുത്തി ഐസിസി. ഐസിസിയുടെ ആന്റി കറപ്ഷൻ കോഡ് ലംഘിച്ചുവെന്ന പേരിലാണ് നടപടി. ആരോപണങ്ങൾ 26 വയസുകാരനായ ജയവിക്രമ സമ്മതിച്ചതിന് ശേഷമാണ് ഐസിസി നടപടി. നിയമത്തിലെ ആർട്ടിക്കിൾ 2.4.7 ലംഘിച്ചുവെന്നാണ് ഐസിസിയുടെ കണ്ടെത്തൽ. തെളിവുകളിൽ കൃത്രിമം കാണിക്കുകയോ, അവ നശിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതാണ് ആർട്ടിക്കിൾ 2.4.7ൽ പരാമർശിക്കുന്നത്.
മാച്ച് ഫിക്സിങ്ങുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ജയവിക്രമയ്ക്കു അറിവുള്ളതായിരുന്നുവെന്നും, അതിനായി അദ്ദേഹത്തെ ആളുകൾ സമീപിച്ചിരുന്നുവെന്നും ആരോപണമുയർന്നിരുന്നു. ഇത് മൂലം ഐസിസിയുടെ അന്വേഷണങ്ങൾ വൈകിയെന്നും ആരോപണമുണ്ടായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഐസിസിയെ അറിയിക്കുക എന്നത് നിയമപരമായി ഒരു ക്രിക്കറ്റ് കളിക്കാരന്റെ ഉത്തരവാദിത്വമാണെന്ന് മറ്റൊരു ആർട്ടിക്കിളിൽ പറയുന്നുണ്ട്. ശ്രീലങ്കൻ ക്രിക്കറ്റ് ലീഗായ ലങ്ക പ്രീമിയർ ലീഗും(LPL) രാജ്യാന്തര ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ് ബൗളർക്ക് നേരെ ഐസിസി കുറ്റം ചുമത്തിയത്. എൽപിഎല്ലിൽ മാച്ച് ഫിക്സിങ്ങിനുള്ള ശ്രമങ്ങൾ നടന്നുവെന്ന ആരോപണങ്ങൾ കളിക്കാരന് നേരെയെടുത്തിട്ടുള്ള നടപടികളിലൂടെ ശരിവെക്കപ്പെടുകയാണ്. ഐസിസി ചട്ടങ്ങൾ പാലിച്ചാൽ 6 മാസത്തിന് ശേഷം മത്സരങ്ങളിലേക്ക് തിരിച്ച് വരാൻ ജയവിക്രമയ്ക്ക് സാധിക്കും.
2021 ഏപ്രിലിൽ ബംഗ്ലാദേശിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് പ്രവീൺ ജയവിക്രമ അരങ്ങേറ്റം കുറിക്കുന്നത്. ശ്രീലങ്കയ്ക്ക് വേണ്ടി 5 ടെസ്റ്റുകളും, 5 ODIകളും, 5 ടി20കളും ജയവിക്രമ കളിച്ചിട്ടുണ്ട്. 2022ൽ ശ്രീലങ്കയിൽ വെച്ച് ഓസ്ട്രേലിയക്കെതിരെ നടന്ന ടി20 മത്സരത്തിലാണ് അവസാനമായി ജയവിക്രമ ശ്രീലങ്കയ്ക്ക് വേണ്ടി കളത്തിലിറങ്ങിയത്.
2021 എൽപിഎല്ലിൽ, ജാഫ്ന കിംഗ്സ് എന്ന ടീമിന് വേണ്ടിയാണ് ജയവിക്രമ കളിച്ചത്. രണ്ട് തവണ ജാഫ്ന കിംഗ്സ് എൽപിഎൽ കിരീടം വിജയിച്ചിട്ടുണ്ട്. ആ സീസണിൽ 2 വിക്കറ്റും ടീമിനു വേണ്ടി ജയവിക്രമ നേടി. 2024ലെ എൽപിഎല്ലിൽ ഡാമ്പുള്ള സിക്സർസ് എന്ന ടീമിന് വേണ്ടി ജയവിക്രമ കളിച്ചു. ശ്രീലങ്കയ്ക്ക് വേണ്ടി 32 വിക്കറ്റുകൾ ജയവിക്രമ നേടിയിട്ടുണ്ട്.