വീണ്ടും 200 കടക്കാതെ ഓസീസ്
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും തോല്‍വി. 134 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഓസീസിനെ പരാജയപ്പെടുത്തിയത്. ഡേവിഡ് വാര്‍ണറും, സ്റ്റീവ് സ്മിത്തും, മിച്ചല്‍ മാര്‍ഷും, ഗ്ലെന്‍ മാക്സ്വെല്ലും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിരയുണ്ടായിട്ടും തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും ഓസ്ട്രേലിയയ്ക്ക് 200 റണ്‍സില്‍ കൂടുതല്‍ സ്‌കോര്‍ ചെയ്യാന്‍ പറ്റിയില്ല. ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ഓസീസിന് 199 റണ്‍സും രണ്ടാമത്തെ മത്സരത്തില്‍ 175 റണ്‍സുമെടുക്കാനേ സാധിച്ചുള്ളൂ. ആദ്യത്തെ രണ്ട് മത്സരത്തിലും ഓസീസിനേറ്റ തോല്‍വികള്‍ ടീമിന്റെ സെമി സാധ്യതകള്‍ക്കും മങ്ങലേല്‍പ്പിക്കുന്നുണ്ട്.
തുടക്കം പതറുന്ന ഓസീസ്
ആകെ നടന്ന 12 ക്രിക്കറ്റ് ലോകകപ്പുകളില്‍ 5 എണ്ണത്തിലും ചാമ്പ്യന്‍മാരായ രാജ്യമാണ് ഓസ്ട്രേലിയ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിലെയും ഫേവറേറ്റുകള്‍. എന്നാല്‍ ആദ്യത്തെ രണ്ട് മത്സരങ്ങളിലേയും ഓസ്ട്രേലിയയുടെ പ്രകടനം ദയനീയമാണ്. ബാറ്റര്‍മാരാണ് രണ്ട് കളിയിലും നിരാശപ്പെടുത്തിയത്. ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരെ ഓസീസ് ബൗളര്‍മാരായ ഹാസെല്‍വുഡും സ്റ്റാര്‍ക്കും ചേര്‍ന്ന് ആദ്യ രണ്ട് ഓവറുകളില്‍ തന്നെ പുറത്താക്കിയെങ്കിലും മത്സരത്തിലുടനീളം ആ ഫോം നിലനിര്‍ത്താന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല. ഇന്ത്യന്‍ ബാറ്റര്‍മാരായ വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍ എന്നിവര്‍ കരുതലോടെ കളിച്ചതും ബൗളര്‍മാര്‍ക്ക് തിരിച്ചടിയായി. ഒരു കാലത്തും മിസ്ഫീല്‍ഡ് എന്ന പ്രശ്നം ബാധിക്കാത്ത ടീമായിരുന്നു ഓസ്ട്രേലിയ. എന്നാല്‍ ഇക്കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നും ഓസീസ് താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ മിസ്ഫീല്‍ഡുകളും നഷ്ടപ്പെടുത്തിയ ക്യാച്ചുകളും കളിയുടെ റിസള്‍ട്ടിനെ തന്നെ മാറ്റിമറിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ കോഹ്ലിയുടെ ക്യാച്ച് മിച്ചല്‍ മാര്‍ഷ് നഷ്ടപ്പെടുത്തിയപ്പോള്‍ 5 ക്യാച്ചുകളാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്ട്രേലിയന്‍ താരങ്ങള്‍ നഷ്ടപ്പെടുത്തിയത്. ഈ പിഴവുകളുടെ ബലത്തിലാണ് ഇന്ത്യ ഓസീസ് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടന്നതും സൗത്ത് ആഫ്രിക്ക 311 എന്ന മികച്ച ടോട്ടലിലേക്ക് എത്തിയതും.