PHOTO: ICC
ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ആവേശപോരാട്ടം. ക്രിക്കറ്റിലെ എക്കാലത്തേയും വലിയ റൈവലറികളിലൊന്നായ ഇന്ത്യ-പാക് മത്സരത്തിന് അഹമ്മദാബാദ് സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ലോകകപ്പിന്റെ ഈ എഡീഷനിലെ ഉദ്ഘാടന പരുപാടികള്‍ നടക്കുന്നതും ഇന്ത്യ-പാക് മത്സരത്തിന് മുന്നോടിയായിട്ടാണ്. മത്സരത്തിന് ലഭിക്കുന്ന വ്യൂവര്‍ഷിപ്പിനെ മുന്നില്‍ കണ്ട് കൊണ്ടാണ് ടൂര്‍ണ്ണമെന്റ് സംഘാടകര്‍ ഉദ്ഘാടന പരുപാടികള്‍ ഇത്രയും നീട്ടി വച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ പരസ്പരം ഏറ്റ് മുട്ടിയ കണക്കെടുത്താല്‍ കൂടുതല്‍ വിജയിച്ചത് പാകിസ്ഥാന്‍ ആണെങ്കിലും ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ പാക് പടയ്ക്ക് ഇന്ത്യയോട് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏഴ് തവണ ലോകകപ്പില്‍ ഇരു ടീമുകളും പരസ്പരം ഏറ്റ് മുട്ടിയപ്പോള്‍ ഏഴ് തവണയും വിജയം ഇന്ത്യയുടെ കൂടെയായിരുന്നു.
തുടര്‍ വിജയത്തിനായി ഇന്ത്യ.
2023 ഏകദിന ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാമത്തെ വിജയം തേടിയാണ് ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടാനൊരുങ്ങുന്നത്. ബൗളര്‍മാരും ബാറ്റര്‍മാരും ഒരുപോലെ കരുത്ത് കാട്ടിയ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ കൈവരിച്ചത്. അഫ്ഗാനെതിരായുള്ള മത്സരത്തിലും ഇന്ത്യന്‍ താരങ്ങള്‍ മികവ് കാട്ടിയപ്പോള്‍ പോയിന്റ് ടേബിളില്‍ ഉള്‍പ്പടെ ഇന്ത്യ മുന്നോട്ട് പോയിരുന്നു. ഇന്ത്യയെ പോലെ മികച്ച തുടക്കമല്ല പാകിസ്ഥാന് ലോകകപ്പില്‍ ലഭിച്ചത്. കളിച്ച രണ്ട് മത്സരങ്ങളിലും പാകിസ്ഥാന്‍ വിജയിച്ചെങ്കിലും ടൂര്‍ണ്ണമെന്റിലെ കുഞ്ഞന്‍മാരായ നെതര്‍ലന്‍ഡ്‌സിനോട് പാകിസ്ഥാന്‍ ഓള്‍ ഔട്ടായിരുന്നു. എന്നാല്‍ ശ്രീലങ്കയ്‌ക്കെതിരായുള്ള രണ്ടാം മത്സരത്തില്‍ ലങ്ക ഉയര്‍ത്തിയ 344 റണ്‍സ് വിജയലക്ഷ്യം പാകിസ്ഥാന്‍ മറികടന്നിരുന്നു. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ അസം ഫോമിലേക്കുയരാത്തതാണ് പാകിസ്ഥാന് തലവേദന ശ്രഷ്ടിക്കുന്നത്. ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പാകിസ്ഥാനെതിരേയും കളിക്കാനും കളിക്കാതിരിക്കാനും സാധ്യത നിലനില്‍ക്കുന്നുണ്ട്. ഗില്ലിനെ ബാധിച്ച പനി വിട്ട് മാറിയെങ്കിലും പുര്‍ണ്ണമായും താരം ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമേ കളിക്കാന്‍ സാധിക്കുകയുള്ളൂ.