PHOTO: FACEBOOK
വീണ്ടും, വീണ്ടും ഓസീസ്
മൂന്നാമത്തെ ലോകകപ്പ് സ്വന്തമാക്കുന്നതിനായി ഗുജറാത്തിലെ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ കച്ച കെട്ടിയിറങ്ങിയ ടീം ഇന്ത്യയുടെ സ്വപ്നങ്ങളെ കാറ്റില്‍ പറത്തി ഓസ്ട്രേലിയ വീണ്ടും ലോകചാമ്പ്യന്‍മാര്‍. ബോളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലുമുള്‍പ്പെടെ കൃത്യമായ മേല്‍ക്കൈ പുലര്‍ത്തിക്കൊണ്ടാണ് ഓസീസ് തങ്ങളുടെ ആറാമത്തെ കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം തെറ്റിയില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സെടുത്തപ്പോള്‍ 43 ഓവറില്‍ ഓസീസ് വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 120 പന്തില്‍ നിന്നായി 137 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് മാന്‍ ഓഫ് ദ മാച്ച്.
ബൗണ്ടറികള്‍ തൊടാത്ത ഇന്ത്യന്‍ ഇന്നിംങ്ങ്സ്
രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ഓപ്പണ്‍ ചെയ്ത ഇന്ത്യന്‍ ഇന്നിംങ്ങ്സ് തുടക്കം ബൗണ്ടറികളുടേതായിരുന്നെങ്കിലും വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തുടങ്ങിയതിന് ശേഷം അങ്ങനെയായിരുന്നില്ല. ലോകകപ്പില്‍ ഇതുവരെ പുലര്‍ത്തിയ സ്ട്രാറ്റര്‍ജി തന്നെ രോഹിത് ശര്‍മ്മ ഫൈനലിലും പിന്തുടര്‍ന്നപ്പോള്‍ ഇന്ത്യന്‍ ഇന്നിംങ്‌സിന്റെ ആദ്യ ഓവറുകളില്‍ റണ്‍സൊഴുകി. ആദ്യ പവര്‍ പ്ലേയില്‍ 8 ബൗണ്ടറികളും മൂന്ന് സിക്സറുകളുമാണ് വിരാട് കോഹ്ലിയോടോപ്പം ചേര്‍ന്ന് രോഹിത് ശര്‍മ അടിച്ചുകൂട്ടിയത്. എന്നാല്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തുടങ്ങിയതോടെ പിന്നീടുള്ള 40 ഓവറുകളില്‍ ബോള്‍ ബൗണ്ടറി തൊട്ടത് അഞ്ച് തവണ മാത്രമാണ്. ഓസീസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും ജോഷ് ഹെയസല്‍വുഡ് പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും നേടി.
ഹെഡ് ഉയര്‍ത്തിയ ലോകകപ്പ്
241 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന്റെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരായ മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്മിത്ത് എന്നിവരും തുടക്കം തന്നെ പുറത്തായെങ്കിലും ട്രാവിസ് ഹെഡ് പുറത്തെടുത്ത മികച്ച പ്രകടനമാണ് ഓസീസിന് തുണയായത്. മൂന്നാമത്തെ ലോകകപ്പ് എന്ന ഇന്ത്യന്‍ മോഹങ്ങളെ തല്ലിത്തകര്‍ക്കുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ട്രാവിസ് ഹെഡ്. ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റ് വീണപ്പോള്‍ ഇന്ത്യന്‍ ബൗളിങ്ങ് നിരയില്‍ പ്രതീക്ഷയര്‍പ്പിച്ച ആരാധകര്‍ക്ക് കനത്ത പ്രഹരമായിരുന്നു ട്രാവിസ് ഹെഡ്.
വിരാട് കോഹ്ലി, ടൂര്‍ണ്ണമെന്റിലെ താരം
11 കളികളില്‍ നിന്നും 765 റണ്‍സുമായി ടൂര്‍ണ്ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിരാട് കോഹ്ലിയെ ടൂര്‍ണ്ണമെന്റിലെ താരമായി തിരഞ്ഞെടുത്തു. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡും ഇനി കോഹ്ലിയുടെ പേരിലാണ്. സെമിഫൈനലില്‍ ഉള്‍പ്പെടെ മൂന്ന് സെഞ്ച്വറികളാണ് കോഹ്ലി ലോകകപ്പില്‍ നേടിയത്.