
ഐസിസി റാങ്കിങ്: മാറ്റമില്ലാതെ ബുംറ; ഓള്‍റൗണ്ടറായി ജഡേജ
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിലും ബൗളര്‍മാരില്‍ ഒന്നാമനായി ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ തുടരുന്നു. അതേസമയം, ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ജനുവരിയില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തിന് മുമ്പ് അദ്ദേഹം ചരിത്രം സൃഷ്ടിച്ചിരുന്നു. ഐസിസി റാങ്കിങ് റേറ്റിങ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് അദ്ദേഹം നേടിയിരുന്നു. 907 പോയിന്റുകളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഏറ്റവും പുതിയ റാങ്കിങ്ങില്‍ 908 പോയിന്റുകളായി ഉയര്‍ത്തി.
841 പോയിന്റുകളുമായി ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സും 837 പോയിന്റുകളുമായി ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉണ്ട്.
മുള്‍ട്ടാനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആറ് വിക്കറ്റ് നേട്ടം കൈവരിച്ച പാകിസ്താന്റെ നോമന്‍ അലി ആദ്യ പത്തില്‍ ഇടം നേടി.
അതേസമയം, ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ മാറ്റമില്ല. രവീന്ദ്ര ജഡേജ 400 പോയിന്റുകളുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 294 പോയിന്റുകളുമായി ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ ജാന്‍സെനും 263 പോയിന്റുകളുമായി ബംഗ്ലാദേശിന്റെ മെഹിദി ഹസനും ആണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഉള്ളത്.


