
ക്രിക്കറ്റില്‍ വൈഡ് നിയമങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ ഐസിസി ഒരുങ്ങുന്നു
ക്രിക്കറ്റിലെ കര്‍ശനമായ വൈഡ് നിയമങ്ങള്‍ക്ക് ഇളവ് നല്‍കുന്നതിനെ കുറിച്ച് പരിശോധിക്കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഒരു കമ്മിറ്റിയെ നിയോഗിച്ചു. നിലവില്‍ പന്ത് വൈഡാണോ എന്ന് തീരുമാനിക്കുന്ന നിയമങ്ങളില്‍ ബൗളര്‍മാര്‍ക്ക് എതിരാണ്.
അതിനാല്‍, ബൗളര്‍മാര്‍ക്ക് ആശ്വാസം നല്‍കുക എന്നതാണ് ലക്ഷ്യം. നിലവില്‍ ഏകദിനത്തിലും ടി20യിലും ഒരു ബൗളര്‍ പന്തെറിയുമ്പോള്‍ അവസാന നിമിഷങ്ങളില്‍ ബാറ്റ്‌സ്മാന്‍ നില്‍ക്കുന്ന പൊസിഷനില്‍ മാറ്റം വരുത്താറുണ്ട്. ബാറ്റ്‌സ്മാന്‍ പൊസിഷനില്‍ മാറ്റം വരുത്തുന്നത് കാണുന്ന ബൗളര്‍ പന്തെറിയുന്ന ലൈനിലും ലെങ്തിലും മാറ്റം വരുത്തും. ഇത് പന്ത് വൈഡാകാന്‍ കാരണമാകുന്നുണ്ട്.
പന്ത് വൈഡാണോയെന്ന് നിശ്ചയിക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ഐസിസി കമ്മിറ്റിയെ നിയോഗിച്ച വിവരം വെളിപ്പെടുത്തിയത് കമ്മിറ്റിയുടെ ഭാഗമായ ദക്ഷിണ ആഫ്രിക്കന്‍ ഇതിഹാസമായ ഷോണ്‍ പൊളോക്ക് ആണ്. ബൗളര്‍ റണ്ണപ്പ് ആരംഭിക്കുമ്പോള്‍ എവിടെയാണ് തനിക്ക് പന്തെറിയാന്‍ കഴിയുകയെന്ന് ഒരു ബൗളര്‍ക്ക് അറിയാമെന്ന് പൊളോക്ക് പറയുന്നു. ബാറ്റ്‌സ്മാന്‍ തന്റെ പൊസിഷനില്‍ മാറ്റം വരുത്തുമ്പോള്‍ ഒരു ബൗളര്‍ക്ക് തന്റെ ഗെയിംപ്ലാനില്‍ അവസാന നിമിഷം എങ്ങനെ മാറ്റം വരുത്താന്‍ കഴിയും. എവിടെയാണ് എറിയേണ്ടതെന്ന് അദ്ദേഹത്തിന് വ്യക്തമായ അറിവ് ഉണ്ടാകേണ്ടതുണ്ടെന്ന് പൊളോക്ക് പറഞ്ഞു. അതിനാല്‍, നിയമത്തില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ഐസിസി ചര്‍ച്ച ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.