വിജയവഴിയില്‍ ഓസീസ്, പാകിസ്ഥാന് പതര്‍ച്ച
ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ തുടര്‍ തോല്‍വിക്ക് ശേഷം ഓസീസ് കരകയറുന്നു. ടൂര്‍ണ്ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും തോല്‍വിയറിഞ്ഞ ഓസ്ട്രേലിയ അവസാനം നടന്ന രണ്ട് മത്സരത്തിലും വിജയിച്ച് ഇപ്പോള്‍ പോയിന്റ് ടേബിളില്‍ നാലാമതെത്തി നില്‍ക്കുന്നു. പാകിസ്ഥാനെ 62 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് ഓസ്ട്രേലിയ സെമി സ്പോട്ടില്‍ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളിലെ വിജയത്തുടര്‍ച്ച ആവര്‍ത്തിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സാധിച്ചിട്ടില്ല. ഇതോടെ പോയിന്റ് ടേബിളില്‍ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയയ്ക്ക് പുറമേ ഇന്ത്യയോടായിരുന്നു പാകിസ്ഥാന്റെ ആദ്യ തോല്‍വി. ഇരു ടീമുകള്‍ക്കും നാല് മത്സരങ്ങളില്‍ നിന്നും നാല് പോയിന്റ് വീതമാണുള്ളതെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഓസീസ് പോയിന്റ് ടേബിളില്‍ പാകിസ്ഥാനെ മറികടന്ന് നാലാമതെത്തിയത്.
സെഞ്ച്വറിയുമായി ഓപ്പണര്‍മാര്‍
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ തീരുമാനം തുടക്കം തന്നെ പാളിപ്പോയിരുന്നു. ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണ്ണറും മിച്ചല്‍ മാര്‍ഷും സെഞ്ച്വറി നേടിയപ്പോള്‍ ഓസീസിന് അവരുടെ ആദ്യ വിക്കറ്റ് നഷ്ടമാകുന്നത് 34-ാം ഓവറിലാണ്. എന്നാല്‍ ഓപ്പണര്‍മാര്‍ കാട്ടിയ മികവ് നിലനിര്‍ത്താന്‍ ഓസീസിന്റെ മറ്റ് ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. ഓസ്ട്രേലിയയ്ക്ക് കിട്ടിയ പോലെയല്ലെങ്കിലും പാകിസ്ഥാനും അവരുടെ ഓപ്പണര്‍മാര്‍ അത്യാവശം നല്ല തുടക്കം തന്നെ നല്‍കിയിരുന്നു. എന്നാല്‍ ആദം സാംപയുടെ നേതൃത്വത്തില്‍ കൃത്യതയോടെ പന്തെറിഞ്ഞ ഓസീസ് ബൗളര്‍മാര്‍ പാകിസ്ഥാന്റെ ഇന്നിംഗ്സ് 305ല്‍ അവസാനിപ്പിക്കുകയായിരുന്നു.
വിണ്ടും നാല് വിക്കറ്റുകളുമായി സാംപ
ഇന്ത്യയ്ക്കും സൗത്താഫ്രിക്കയ്ക്കും എതിരായ ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഫോം കണ്ടെത്താന്‍ വിഷമിച്ച ഓസീസ് സ്പിന്‍ ബൗളര്‍ ആദം സാംപ ഫോമിലേക്കുയര്‍ന്നത് ഓസീസിന് ഗുണകരമായിട്ടുണ്ട്. ശ്രീലങ്കയോട് ഓസീസ് 5 വിക്കറ്റുകള്‍ക്ക് വിജയിക്കുമ്പോള്‍ നാല് വിക്കറ്റ് പ്രകടനവുമായി സാംപയായിരുന്നു തിളങ്ങിയത്. പാകിസ്ഥാനെതിരായ മത്സരത്തിലും സാംപ നാല് വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി. ടൂര്‍ണ്ണമെന്റ് നടക്കുന്നത് സ്പിന്‍ ബൗളിങ്ങിന് അനുകൂലമായ ഇന്ത്യയിലായത് കൊണ്ട് തന്നെ സാംപയുടെ പ്രകടനം ഓസ്ട്രേലിയയ്ക്ക് നിര്‍ണ്ണായകമാണ്.