ആദം സാംപ | PHOTO: TWITTER
ഒടുവില്‍ ഓസീസ്
2023 ക്രിക്കറ്റ് ലോകകപ്പിലെ തോല്‍വികളില്‍ നിന്ന് കരകയറി ഓസ്ട്രേലിയ. ലോകകപ്പില്‍ ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിലും സൗത്ത് ആഫ്രിക്കക്കെതിരായ രണ്ടാമത്തെ മത്സരത്തിലും 200 റണ്‍സ് പോലുമെടുക്കാതെ ഓസീസ് പുറത്തായിരുന്നു. എന്നാല്‍ ശ്രീലങ്കയ്ക്കെതിരായ മൂന്നാമത്തെ മത്സരത്തില്‍ ബൗളിങ്ങിലും ബാറ്റിംഗിലും ഓസീസ് താരങ്ങള്‍ തുടക്കമൊന്ന് പതറിയെങ്കിലും ആദം സാംപയുടേയും, ജോഷ് ഇംഗ്ലിസിന്റെയും കരുത്തില്‍ വിജയിക്കുകയായിരുന്നു.
തുണച്ച് ആദം സാംപ
ലോകകപ്പിലെ ആദ്യ വിജയത്തിന് ഓസീസിനെ ഏറ്റവും കൂടുതല്‍ സഹായിച്ചത് സ്പിന്‍ ബൗളര്‍ ആദം സാംപയുടെ പ്രകടനമാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍മാരായ പാത്തും നിസ്സംഗയും കുശാല്‍ പെരേരയും ചേര്‍ന്ന് മികച്ച തുടക്കം തന്നെ നല്‍കി. 125 റണ്‍സില്‍ ശ്രീലങ്കയുടെ ആദ്യ വിക്കറ്റ് പോകുന്നത് വരെ ലങ്കന്‍ സ്‌കോര്‍ 300 കടക്കുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാല്‍ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ ശ്രീലങ്കയ്ക്ക് നല്‍കിയ മികച്ച തുടക്കം പിന്തുടരാന്‍ മധ്യനിര ബാറ്റര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ ലങ്കന്‍ ഇന്നിംഗ്സ് 43.3 ഓവറില്‍ 209 റണ്‍സിന് അവസാനിക്കുകയായിരുന്നു. രണ്ട് ഓപ്പണര്‍മാരേയും പുറത്താക്കി മത്സരം ഓസീസിന്റെ കയ്യിലേക്കെത്തിച്ചത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആണെങ്കിലും ശ്രീലങ്കയുടെ നാല് വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് സാംപ മത്സരം തന്റെ പേരിലാക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനെത്തിയപ്പോഴും ആദ്യ ഘട്ടത്തില്‍ ഓസീസ് പതറി. ഓപ്പണര്‍ ഡേവിഡ് വാര്‍ണ്ണറെയും മൂന്നാമതായി ഇറങ്ങിയ സ്റ്റീവ് സ്മിത്തിനേയും പുറത്താക്കിക്കൊണ്ട് ദില്‍ഷന്‍ മധുശങ്ക ശ്രീലങ്കയ്ക്ക് വിണ്ടും വിജയപ്രതീക്ഷകള്‍ നല്‍കി. എന്നാല്‍ ക്ഷമയോടെ ബാറ്റ് വീശിയ മിച്ചല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലബുഷെയ്ന്‍ എന്നിവര്‍ ചേര്‍ന്ന് ഓസീസിനെ ലോകകപ്പിലെ ആദ്യ വിജയത്തിലെത്തിക്കുകയായിരുന്നു. ജോഷ് ഇംഗ്ലിസിന്റെ 59 പന്തില്‍ 58 റണ്‍സ് പ്രകടനം ഓസീസ് ഇന്നിംഗ്സില്‍ നിര്‍ണായകമായി.