TMJ
searchnav-menu
post-thumbnail

വിരാട് കോഹ്ലി | PHOTO: WIKI COMMONS

TMJ Daily

വിജയത്തുടര്‍ച്ചയുമായി ഇന്ത്യ

20 Oct 2023   |   2 min Read
TMJ News Desk

.സി.സി ഏകദിന ലോകകപ്പില്‍ വിജയത്തുടര്‍ച്ചയുമായി ഇന്ത്യ. കളിയുടെ സര്‍വ്വ മേഖലകളിലും മികച്ച് നിന്ന ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത് ഏഴ് വിക്കറ്റിനാണ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറില്‍ 256 റണ്‍സ് എടുത്തപ്പോള്‍ 42-ാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ബംഗ്ലാദേശ് ഉയര്‍ത്തിയ വിജയലക്ഷ്യവും തന്റെ സെഞ്ച്വറിയും സിക്സറിലൂടെ പൂര്‍ത്തിയാക്കിയ വിരാട് കോഹ്ലിയുടെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവരുടെ പ്രകടനവും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി. ബംഗ്ലാദേശിനെ കൂടി തോല്‍പ്പിച്ചതോടെ നാല് മത്സരങ്ങളില്‍ നിന്ന് നാല് വിജയവുമായി എട്ട് പോയിന്റോടെ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. ഇത്രയും തന്നെ പോയിന്റുമായി ന്യൂസിലന്‍ഡാണ് ഒന്നാമത്. റണ്‍റേറ്റിലെ മുന്‍തൂക്കമാണ് ന്യൂസിലന്‍ഡിനെ ഒന്നാമതെത്തിച്ചത്.

സര്‍വ്വമേഖലകളിലും മികവാവര്‍ത്തിച്ച് ഇന്ത്യ.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ ഓപ്പണര്‍മാരെ പുറത്താക്കുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചെറുതായൊന്ന് കുഴങ്ങിയതൊഴിച്ചാല്‍ ടീമിന്റെ പ്രകടനം മികച്ച് നില്‍ക്കുന്നതായിരുന്നു. 15-ാം ഓവറില്‍ തന്‍സീദ് ഹസനെ എല്‍.ബിയില്‍ കുരുക്കി കുല്‍ദീപ് യാദവാണ് മാച്ചില്‍ ഇന്ത്യയ്ക്ക് ആദ്യമായി മേല്‍ക്കൈ നല്‍കുന്നത്. തുടര്‍ന്ന് കളിയിലുടനീളം ഇന്ത്യ മികച്ച് നിന്നു. 14 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 90 റണ്‍സ് എന്ന നിലയിലുണ്ടായിരുന്ന ബംഗ്ലാദേശിന് പിന്നെ 166 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. തുടക്കം തന്നെ ആക്രമിച്ച് കളിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ 40 പന്തില്‍ നിന്നായി 48 റണ്‍സ് നേടിയപ്പോള്‍ ഗില്‍ ലോകകപ്പിലെ തന്റെ ആദ്യ അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. തുടര്‍ന്നെത്തിയ വിരാട് കോഹ്ലിയുടെ സെഞ്ച്വറി മികവില്‍ ഇന്ത്യ അനായാസം വിജയത്തിലേക്കടുക്കുകയായിരുന്നു. കോഹ്ലി എന്ന ബാറ്ററുടെ ചെയ്സിംഗ് കപ്പാസിറ്റിക്ക് അടിവരയിടുന്ന പ്രകടനമായിരുന്നു ബംഗ്ലാദേശിനെതിരെ താരം പുറത്തെടുത്തത്. മത്സരം വിജയിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്ന കോഹ്ലി-രാഹുല്‍ കൂട്ടുകെട്ട് ലോകകപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ നിറം നല്‍കുന്നു.

ഇന്ത്യയ്ക്ക് തിരിച്ചടിയായി ഹാര്‍ദിക്കിന്റെ പരിക്ക്

ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ ഒന്‍പതാം ഓവറില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് ഹാര്‍ദിക്കിന് പരിക്കേറ്റത്. ഓപ്പണിംഗ് ബാറ്റര്‍ ലിറ്റന്‍ ദാസ് ഡ്രൈവ് ചെയ്ത പന്ത് കാലുകൊണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. തുടര്‍ന്ന് കളിക്കാന്‍ സാധിക്കാത്തതോടെ ഹാര്‍ദിക് ഗ്രൗണ്ട് വിടുകയും കോഹ്ലി ഓവര്‍ പൂര്‍ത്തിയാക്കുകയുമായിരുന്നു. ഹാര്‍ദിക്കിന്റെ പരിക്ക് വരാനിരിക്കുന്ന ഇന്ത്യയുടെ മത്സരങ്ങളെ ബാധിക്കാനിടയുണ്ട്.


#Daily
Leave a comment