TMJ
searchnav-menu
post-thumbnail

TMJ Daily

കെയ്ന്‍ വില്ല്യംസണിന്റെ അഭാവത്തിലും കിവികള്‍ മുന്നോട്ട്

10 Oct 2023   |   1 min Read
TMJ News Desk

നിലവിലെ റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്‍ഡിന് ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയം. ടൂര്‍ണ്ണമെന്റിലെ ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെതിരെയാണ് കിവികളുടെ വിജയം. തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ഇല്ലാതെയാണ് ന്യൂസിലന്‍ഡ് കളിക്കാനിറങ്ങിയത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ടോം ലതാമിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ന്യൂസിലന്‍ഡ് താരങ്ങള്‍ മികച്ച രീതിയില്‍ തന്നെ തങ്ങളുടെ കടമ നിറവേറ്റി. ആദ്യം ബാറ്റ് ചെയ്ത ന്യൂസലന്‍ഡ് 50 ഓവറുകളില്‍ നിന്നായി 322 റണ്‍സെടുത്തപ്പോള്‍ ഡച്ച് ഇന്നിംഗ്‌സ് 223-ല്‍ അവസാനിച്ചു. കിവികള്‍ക്ക് വേണ്ടി മൂന്നാമതായി ബാറ്റ് ചെയ്യാനിറങ്ങിയ രചിന്‍ രവീന്ദ്ര ഈ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ചത് ടീമിന്റെ മുന്നോട്ട് പോക്കിന് ഗുണകരമാണ്. നെതര്‍ലന്‍ഡ്‌സിനെതിരായ വിജയത്തോടെ 4 പോയിന്റുകളുമായി ന്യൂസിലന്‍ഡാണ് പോയിന്റ് ടേബിളില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഫോമിലേക്കുയര്‍ന്ന് വില്‍ യങ്

ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ വില്‍ യങ് നെതര്‍ലന്‍ഡ്‌സിനെതിരെ ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യുസിലന്‍ഡിന് വേണ്ടി ഡെവന്‍ കോണ്‍വേ വില്‍ യങ് എന്നിവര്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചയ്തു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ കോണ്‍വേ നെതര്‍ലന്‍ഡ്‌സിനെതിരെ 32 റണ്‍സെടുത്ത് പുറത്തായപ്പോള്‍ യങ് 80 പന്തില്‍ നിന്നായി 70 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റ് ചെയ്യാനെത്തിയ രചിന്‍ രവിന്ദ്ര,ടോം ലതാം,ഡാരില്‍ മിച്ചല്‍ എന്നിവരുടേയും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച മിച്ചല്‍ സാന്റ്‌നറിന്റെയും ഇന്നിംഗ്‌സുകളുടെ ബലത്തില്‍ ന്യൂസിലന്‍ഡ് സ്‌കോര്‍ 300 കടക്കുകയായിരുന്നു. വില്ല്യംസണ്‍ പരിക്ക് മാറി മടങ്ങിടെയെത്തിയാല്‍ താരത്തിന്റെ ബാറ്റിംഗ് ഓര്‍ഡറിലെ സ്ഥാനം എവിടെയായിരിക്കും എന്നത് ടീം മാനേജ്‌മെന്റിന് ആശയക്കുഴപ്പമുണ്ടാക്കുന്ന ചോദ്യമാണ്. യങിനെ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റി അവിടേക്ക് രചിനെ കൊണ്ട് വരാനായിരുന്നു സാധ്യത കൂടുതലെങ്കിലും വില്‍ യങ് കൂടി ഫോമിലേക്കുയര്‍ന്നതോടെ വില്ല്യംസണിന്റെ പൊസിഷന്‍ എവിടെയായിരിക്കുമെന്നത് മാനേജ്‌മെന്റ് തല പുകഞ്ഞ് ആലോചിക്കേണ്ട ഒന്നാണ്. വില്ല്യംസണിന്റെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്ന രചിനെ മാറ്റി താരത്തെ ഏത് പൊസിഷനില്‍ കളിപ്പിക്കും എന്നതും നോക്കികാണേണ്ടതാണ്.

#Daily
Leave a comment