
ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; അനവധി തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങി
ഉത്തരഖണ്ഡിലെ ചമോലി ജില്ലയിലെ അതിര്‍ത്തി ഗ്രാമമായ മനയില്‍ മഞ്ഞിടിഞ്ഞ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) 57 തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടങ്ങി. ഇതില്‍ 16 പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി പറഞ്ഞു. ബദരീനാഥിലെ മനയില്‍ ജോലി ചെയ്യുമ്പോഴാണ് നിര്‍മ്മാണത്തൊഴിലാളികള്‍ അപകടത്തില്‍പ്പെട്ടത്.
ചമോലി, ഉത്തരകാശി, രുദ്രപ്രയാഗ്, ബാഗേശ്വര്‍ ജില്ലകളില്‍ 2,400 മീറ്റര്‍ ഉയരത്തില്‍ മഞ്ഞുമലയിടിയുമെന്ന മുന്നറിയിപ്പ് പ്രതിരോധ ജിയോഇന്‍ഫോര്‍മാറ്റിക്‌സ് ഗവേഷണ സ്ഥാപനം (ഡിജിആര്‍ഇ) വ്യാഴാഴ്ച്ച വൈകുന്നേരം നല്‍കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ സംഭവിക്കാം എന്നായിരുന്നു മുന്നറിയിപ്പ്. ഡെറാഡൂണിലെ കാലാവസ്ഥാ ഓഫീസും 3,500 മീറ്ററിന് മുകളില്‍ കനത്ത മഴയും മഞ്ഞു വീഴ്ച്ചയും പ്രവചിച്ചിരുന്നു.
സൈന്യം, പൊലീസ്, ഐടിബിപി, ബിആര്‍ഒ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. ഇന്ത്യ, ടിബറ്റ് അതിര്‍ത്തിയിലെ ഗ്രാമമാണ് മന.