PHOTO: WIKI COMMONS
കേരളം ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളില്‍ നിപ സാന്നിധ്യമെന്ന് ICMR പഠനം
കേരളം ഉള്‍പ്പെടെയുള്ള ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമുള്ളതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ICMR) പഠനം. സംസ്ഥാനങ്ങള്‍ക്ക് പുറമെ, ഒരു കേന്ദ്രഭരണ പ്രദേശത്തെ വവ്വാലുകളിലും നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.
കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമബംഗാള്‍, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിലുമാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നീ പ്രദേശങ്ങളിലും സര്‍വെ നടത്തിയിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് സര്‍വെ നടത്തുന്നത്. മനുഷ്യരിലേക്ക് വൈറസ് പകരാന്‍ സാധ്യമായ പ്രദേശങ്ങള്‍ കണ്ടെത്തി അതീവ ജാഗ്രത പുലര്‍ത്താനാണ് സര്‍വെ ലക്ഷ്യമിടുന്നത്.
പ്രതിസന്ധിയുടെ കാലം
നേരത്തെ അസമിലെ ധുബ്രി ജില്ലയിലുടനീളം പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കൂടാതെ പശ്ചിമ ബംഗാളിലെ മ്യാനഗുരി, കൂച്ച്, ബെഹാര്‍ പ്രദേശങ്ങളിലും കേരളത്തില്‍ കോഴിക്കോട് ജില്ലയിലുമായിരുന്നു നിപ സാന്നിധ്യം തിരിച്ചറിഞ്ഞത്.
2001 ലായിരുന്നു രാജ്യത്ത് ആദ്യമായി നിപ വൈറസ് സ്ഥിരീകരിച്ചത്. പശ്ചിമബംഗാളിലെ സിലിഗുരിയില്‍ ആയിരുന്നു ആദ്യം വൈറസ് കണ്ടെത്തിയത്. 66 പേരിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 45 പേരും മരിച്ചു. അമേരിക്കയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ സഹായത്തോടെ 2006 ലാണ് രോഗവ്യാപനം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.
കേരളത്തില്‍ കോഴിക്കോട് ജില്ലയില്‍ 2018 മെയ് മാസത്തിലാണ് നിപയുടെ വൈറസ് കണ്ടെത്തിയത്. വൈറസ് ബാധിച്ച 18 പേരില്‍ 16 പേരും മരണപ്പെട്ടു. ദക്ഷിണേന്ത്യയിലെ ആദ്യ നിപ വൈറസ് വ്യാപനവും ഇതായിരുന്നു. ഇന്ത്യയില്‍ ഏറ്റവും അവസാനമായും നിപ റിപ്പോര്‍ട്ട് ചെയ്തത് 2021 ല്‍ കോഴിക്കോടാണ്. അന്ന് ഒരാള്‍ മരിച്ചു.
കരുതലുണ്ടാകണം
വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് നാല് മുതല്‍ 14 ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ്. ചിലരില്‍ 21 ദിവസം വരെ എടുക്കാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ പ്രകടമാകാന്‍ കാലതാമസം ഉണ്ടാകും. പനി, തലവേദന, തലകറക്കം ഇവയാണ് ലക്ഷണങ്ങള്‍. കൂടാതെ ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി കാണപ്പെടാം.
തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും ശ്വാസകോശത്തെ രോഗം ബാധിക്കാനും സാധ്യതകള്‍ ഏറെയാണ്. കൂടാതെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസത്തിനകം തന്നെ രോഗി കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്.
തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ സങ്കീര്‍ണമായതിനാല്‍ രോഗപ്രതിരോധമാണ് പ്രധാനം. വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കാതിരിക്കുക.