
ഇന്ത്യ ആക്രമണം നിര്‍ത്തിയാല്‍ ഞങ്ങളും അവസാനിപ്പിക്കാം: പാകിസ്താന്‍
ഇന്ത്യ ആക്രമണം അവസാനിപ്പിച്ചാല്‍ സംഘര്‍ഷ ലഘൂകരണം പരിഗണിക്കാമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ധര്‍ പറഞ്ഞു. പാകിസ്താന്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യ പറഞ്ഞതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രി ഇഷാഖ് ധറിന്റെ പ്രസ്താവന വന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് വഷളായി തുടങ്ങിയ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇന്നലെ രാത്രി ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നു.
സംഘര്‍ഷ ലഘൂകരണം വാഗ്ദാനം ചെയ്തുവെങ്കിലും ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇഷാഖ് ധര്‍ പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ബന്ധപ്പെട്ടപ്പോള്‍ താന്‍ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചുവെന്നും ധര്‍ പാകിസ്താന്റെ ജിയോ ന്യൂസിനോട് പറഞ്ഞു.
തങ്ങളുടെ ക്ഷമയുടെ നെല്ലിപ്പടി കണ്ടതു കൊണ്ടാണ് പ്രതികരിച്ചതെന്ന് ധര്‍ പറഞ്ഞു. 'ഇവിടെവച്ച് അവര്‍ അവസാനിപ്പിച്ചാല്‍, അവസാനിപ്പിക്കുന്നത് ഞങ്ങളും പരിഗണിക്കും,' അദ്ദേഹം പറഞ്ഞു.
മാര്‍ക്കോ റൂബിയോ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും സംഭാഷണം നടത്തിയിരുന്നു.
അതേസമയം, ഇന്ത്യയുടെ സംയുക്ത സേന മേധാവി അനില്‍ ചൗഹാന്‍ പ്രതിരോധ മന്ത്രിയെ സന്ദര്‍ശിച്ചു.