TMJ
searchnav-menu
post-thumbnail

TMJ Daily

കോൺഗ്രസിന് വേണ്ടെങ്കിൽ തനിക്ക് വേറെ വഴികൾ ഉണ്ട്: ശശി തരൂര്‍

23 Feb 2025   |   1 min Read
TMJ News Desk

കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ പാര്‍ട്ടിക്കുവേണ്ടി ഉണ്ടാകുമെന്നും അല്ലെങ്കില്‍ തനിക്ക് തന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും തിരുവനന്തപുരം എംപി ശശി തരൂര്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തനിക്ക് വേറെ വഴിയില്ലെന്ന് കരുതരുതെന്ന് അദ്ദേഹം പറഞ്ഞു. എന്റെ പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍ അങ്ങനെ ആ വഴിക്ക്. പ്രസംഗം നടത്താന്‍ ലോകമെമ്പാട് നിന്നും ക്ഷണങ്ങള്‍ തനിക്ക് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസും ശശി തരൂരും തമ്മില്‍ ഇടയുന്ന അവസരങ്ങളിലെല്ലാം അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം ഉണ്ടാകുമായിരുന്നു. എന്നാല്‍ ആ നീക്കത്തില്‍ നിന്നും വ്യത്യസ്തമായ മാര്‍ഗമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ പോലും തിരുവനന്തപുരത്ത് തനിക്ക് വോട്ടു ചെയ്തിട്ടുണ്ടെന്നും തന്റെ സംസാരവും പെരുമാറ്റവുമെല്ലാം തിരുവനന്തപുരംകാര്‍ക്ക് ഇഷ്ടമാണെന്നും ആ രീതിയിലുള്ള ഇടപെടലാണ് 2026ലും പാര്‍ട്ടിക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര അഭിപ്രായം പറയാനുള്ള അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് നാല് തവണ താന്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ട്. പാര്‍ട്ടി അത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താന്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടാകും. പാര്‍ട്ടി അടിത്തട്ടില്‍നിന്ന് തന്നെ വോട്ടര്‍മാരെ ആകര്‍ഷിക്കണം. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മൂന്നാം തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

പല ഏജന്‍സികളുടേയും സര്‍വേകളിലും താന്‍ നേതൃപദവിക്ക് യോഗ്യനാണെന്ന് കണ്ടെത്തിയിരുന്നു.

രാജ്യത്തിന്റേയും കേരളത്തിന്റേയും പുരോഗതിയെക്കുറിച്ച് താന്‍ എപ്പോഴും നിര്‍ഭയമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയക്കാരനെ പോലെ താന്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് ഒരിക്കലും ഇടുങ്ങിയ രാഷ്ട്രീയ ചിന്തകള്‍ ഉണ്ടായിട്ടില്ല. തനിക്ക് ബോധ്യമുള്ള ഒരു കാര്യത്തെക്കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ച് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനാലാണ് കോണ്‍ഗ്രസിന്റെ എതിരാളികളായ സര്‍ക്കാരുകളുടെയോ പാർട്ടികളുടെയോ നല്ല സംരംഭങ്ങളെ താന്‍ പ്രശംസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


#Daily
Leave a comment