
എല്‍ഡിഎഫ് സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്ന് വെല്ലുവിളിച്ചവര്‍ നിശബ്ദരായി: മുഖ്യമന്ത്രി
കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ധാരണ അപ്രത്യക്ഷമായിയെന്നും ഈ സര്‍ക്കാര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ലെന്നുവെല്ലുവിളിച്ചവര്‍ നിശബ്ദരായിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിയുടെ തുടര്‍ച്ചയായി ആഗോളതലത്തില്‍ ആരോഗ്യ, സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ ഉള്‍പ്പെടെ വലിയ തകര്‍ച്ച നേരിട്ടു. അതിനെ അതിജീവിച്ചുകൊണ്ടാണ് 2021ന് ശേഷം കേരളം മുന്നോട്ടുനീങ്ങുന്നത്. ഇതിനുപുറമെയാണ് സാമ്പത്തിക രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍. അര്‍ഹമായ പലതും തടഞ്ഞുവെച്ച് സംസ്ഥാനത്തെ ഞെരുക്കുകയാണ് കേന്ദ്രം. സമരം ചെയ്തും നിയമ പോരാട്ടം നടത്തിയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നാം. സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച ഇച്ഛാശക്തിയുള്ള സമൂഹമാണ് നമ്മള്‍. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെയും നാം മറികടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാര്‍ത്ഥ്യമാക്കി. തറക്കല്ലിട്ടത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണെങ്കിലും പദ്ധതിയുടെ നിര്‍മ്മാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലം മുതലാണ്.
യുഡിഎഫ് സര്‍ക്കാരിന്റെ കടുത്ത അലംഭാവം കാരണം വഴിമുട്ടി നിന്നിരുന്ന ദേശീയ പാത വികസനവും എല്‍ ഡി എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് സാധ്യമായത്. സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ കേരളത്തില്‍ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ആവര്‍ത്തിച്ചു വ്യക്തമാക്കി. എന്നിട്ടും ഒന്നും നടക്കാതെ വന്നപ്പോള്‍ ഓഫീസ് അടച്ച് ദേശീയപാതാ അതോറിറ്റി കേരളം വിടുന്ന അവസ്ഥയാണുണ്ടായത്.
2016ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരാകട്ടെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിബന്ധനകള്‍ നമുക്ക് മേല്‍ അടിച്ചേല്‍പിച്ചു. അതിനെ തുടര്‍ന്ന് സ്ഥലമേറ്റെടുപ്പിനായുള്ള തുകയുടെ 25 ശതമാനം, അതായത് 6,000കോടിയോളം രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കാന്‍ തീരുമാനിച്ചു. ആ പ്രതിസന്ധികളെല്ലാം മറികടന്ന്, ജനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി സ്ഥലമേറ്റെടുക്കാനും കേരളത്തിന്റെ ദീര്‍ഘകാല സ്വപ്നമായ ഹൈവേ വികസനം യാഥാര്‍ത്ഥ്യമാക്കാനും സാധിച്ചു.
ഇഴഞ്ഞു നീങ്ങിയ കൊച്ചി മെട്രൊ റെയിലും കണ്ണൂര്‍ വിമാനത്താവളവും പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിച്ചു. അസാധ്യമെന്നു പലരും വെല്ലുവിളിച്ച, യു ഡി എഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകളെല്ലാം ദുരീകരിച്ച് പൂര്‍ത്തീകരിച്ചു. അതുപോലെ കേരളത്തിന്റെ വൈദ്യുതി പ്രസരണ വിതരണ രംഗത്തും കാര്‍ഷിക വ്യാവസായിക രംഗത്തും വന്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കിയ ഇടമണ്‍-കൊച്ചി പവര്‍ഹൈവേയും ഉപേക്ഷിക്കപ്പെട്ട അവസ്ഥയില്‍ നിന്നും വീണ്ടെടുത്ത് സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം, കൊച്ചി-ബാംഗ്‌ളൂര്‍ വ്യവസായ ഇടനാഴി, സിറ്റി ഗ്യാസ് വിതരണ പദ്ധതി, ഐ. ടി കോറിഡോര്‍, പുതുവൈപ്പിന്‍ എല്‍ പി ജി ടെര്‍മിനല്‍, മലയോര ഹൈവേ, കോസ്റ്റല്‍ ഹൈവേ, വയനാട് തുരങ്കപാത, കെ-ഫോണ്‍, കൊച്ചി വാട്ടര്‍ മെട്രോ, പശ്ചിമ തീരകനാല്‍ വികസന പദ്ധതി, തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ്, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്, തുടങ്ങി കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിരവധി വന്‍പദ്ധതികള്‍ ചിലത് യാഥാര്‍ഥ്യമാവുകയാണ്, ചിലത് പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


