TMJ
searchnav-menu
post-thumbnail

Photo: PTI

TMJ Daily

നീതി വേണമെങ്കില്‍ കോടതിയില്‍ ചെല്ലൂ; ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷണ്‍

30 Apr 2023   |   2 min Read
TMJ News Desk

മരം നടത്തുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബിജെപി എംപിയും റെസ്ലിങ്ങ് ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ജന്തര്‍ മന്തറില്‍ ഇരുന്നാല്‍ നീതി ലഭിക്കില്ലെന്നും പോലീസിലോ കോടതിയിലോ പോകണമെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. കോടതി എന്ത് തീരുമാനിച്ചാലും അത് അംഗീകരിക്കും. ഹരിയാനയില്‍ നിന്നുള്ള 90 ശതമാനം അത്‌ലറ്റുകളും അവരുടെ രക്ഷിതാക്കളും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ വിശ്വസിക്കുന്നു. കോണ്‍ഗ്രസ് പിന്തുണയോടെയാണ് ചില കുടുംബങ്ങള്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡയുടെ അക്കാദമിയില്‍ നിന്നുള്ളവരാണ് തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു. 

പിന്മാറാതെ താരങ്ങള്‍

ബിജെപി എംപി ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ ജന്തര്‍ മന്തറിലെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. ജനുവരി 18 മുതല്‍ താരങ്ങള്‍ പ്രതിഷേധ സമരം നടത്തിവരികയാണ്. എന്നാല്‍, അന്വേഷണ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്രം പുറത്തുവിടുന്നതില്‍ കാലതാമസം വരുത്തിയെന്നാരോപിച്ച് ഏപ്രില്‍ 23 ന് ഗുസ്തി താരങ്ങള്‍ വീണ്ടും പ്രതിഷേധം ആരംഭിക്കുകയായിരുന്നു. പരാതിക്കാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. 
നിലവില്‍ എല്ലാ തെളിവുകളും നല്‍കിയിട്ടും ബ്രജ് ഭൂഷനെതിരെ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. 

ജനുവരിയില്‍ കായിക മന്ത്രാലയം പരാതികള്‍ അന്വേഷിക്കാന്‍ ഒളിമ്പിക് മെഡല്‍ ജേതാവ് എംസി മേരികോമിന്റെ നേതൃത്വത്തില്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിക്കുകയും, ഒരു മാസത്തിനകം കണ്ടെത്തലുകള്‍ സമര്‍പ്പിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ സമിതി ഏപ്രില്‍ ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും മന്ത്രാലയം ഇതുവരെ റിപ്പോര്‍ട്ട് പരസ്യമാക്കിയിട്ടില്ല. എന്നിരുന്നാലും, നിരവധി ഹിയറിംഗുകള്‍ക്കു ശേഷം ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരായ ലൈംഗികാരോപണങ്ങള്‍ തെളിയിക്കാന്‍ ഗുസ്തി താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ ജനുവരി 18 ന് നിരവധി ഗുസ്തി താരങ്ങള്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തരല്ലെന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പ്രാക്ടീസ് നടത്തുകയോ മത്സരങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യില്ലെന്നും പറഞ്ഞിരുന്നു. ഫെഡറേഷന്റെ പ്രവര്‍ത്തനത്തില്‍ കെടുകാര്യസ്ഥത ആരോപിച്ച് ഫെഡറേഷനെ സമ്പൂര്‍ണമായി നവീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍, മെയ് 7 ന് നടക്കുന്ന ഡബ്ല്യുഎഫ്‌ഐ തിരഞ്ഞെടുപ്പില്‍ താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞെങ്കിലും ഫെഡറേഷനില്‍ ഒരു പുതിയ സ്ഥാനത്ത്  ഉണ്ടാകുമെന്നുള്ള സൂചന നല്‍കി. ഡബ്ല്യുഎഫ്‌ഐ തലവനായി തുടര്‍ച്ചയായി 12 വര്‍ഷം പൂര്‍ത്തിയാക്കിയതിനു ശേഷം സ്‌പോര്‍ട്‌സ് കോഡ് അനുസരിച്ച് ഉയര്‍ന്ന സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബ്രിജ് ഭൂഷണ്‍ അയോഗ്യനാണ്. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്റിനെതിരെ ഡല്‍ഹി പോലീസ് ഏഴ് പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തമായ തെളിവുകള്‍ പുറത്തുവന്നതിനുശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഇതോടൊപ്പം സര്‍ക്കാര്‍ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി

ആരാണ് ബ്രിജ് ഭൂഷണ്‍

2011 മുതല്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അംഗമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ആറു തവണ ഉത്തര്‍പ്രദേശില്‍ നിന്ന് പാര്‍ലമെന്റിലേക്ക് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ച് തവണ ബിജെപിയിലും ഒരു തവണ സമാജ്‌വാദിയിലും നിന്നുമാണ് വിജയിച്ചത്. കൂടാതെ അയോധ്യ മുതല്‍ ശ്രാവസ്തി വരെ 100 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിജ് ഭൂഷനു കീഴിലുണ്ട്. ബിജെപിയില്‍ ചേരുന്നതിനു മുമ്പ് സംഘപരിവാറുമായി ബന്ധമുണ്ടായിരുന്ന ആളാണ് ബ്രിജ് ഭൂഷണ്‍. 1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസിലും പ്രതിയാണ് ബ്രിജ് ഭൂഷണ്‍. 1990 കളുടെ മധ്യത്തില്‍ ഗുണ്ടാനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ക്ക് അഭയം നല്‍കിയെന്ന പേരില്‍ അറസ്റ്റിലാവുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം തീഹാര്‍ ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ കോടതി ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കി.


#Daily
Leave a comment