TMJ
searchnav-menu
post-thumbnail

TMJ Daily

IFFK 2025: സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര നടപടിയിൽ പ്രതിഷേധം ശക്തം

16 Dec 2025   |   2 min Read
TMJ News Desk

മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള കേരളയിൽ (IFFK 2025) 19 സിനിമകൾക്ക് പ്രദർശനാനുമതി ലഭിക്കാത്തതിനെ തുടർന്ന് മേള അനിശ്ചിതത്വത്തിലായി. സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാത്ത ചിത്രങ്ങൾക്ക് കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നൽകേണ്ട എക്സംഷൻ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

എക്സംഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി. അനുമതി ലഭിക്കാത്ത പക്ഷം നാളെ കൂടി എട്ട് സിനിമകളുടെ പ്രദർശനം മുടങ്ങാനിടയുണ്ടെന്ന് മേളാ സംഘാടകർ അറിയിച്ചു. സാധാരണയായി സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാത്ത സിനിമകൾ, കേന്ദ്ര സർക്കാരിന്റെ എക്സംഷൻ സർട്ടിഫിക്കറ്റോടെയാണ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാറുള്ളത്.

1905-ലെ റഷ്യൻ ഭരണകൂട പീഡനത്തിനെതിരെ സാധാരണ ജനങ്ങളുടെ പ്രതിഷേധവും വിപ്ലവബോധവും ശക്തമായി അവതരിപ്പിക്കുന്ന, സെർഗി ഐസൻസ്റ്റീൻ സംവിധാനം ചെയ്ത നിശ്ശബ്ദ ക്ലാസ്സിക് സിനിമകളിൽ ഒന്നായ ‘ബാറ്റിൽഷിപ്പ് പോട്ടംകിൻ’ ഉൾപ്പെടെ നിരവധി പ്രശസ്ത ചിത്രങ്ങളുടെ പ്രദർശനമാണ് ഇപ്പോൾ പ്രതിസന്ധിയിലായത്. പലസ്തീൻ പാക്കേജിൽ ഉൾപ്പെട്ട മൂന്ന് സിനിമകൾക്കും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. സെൻസർ എക്സംഷൻ അനിവാര്യമായിരിക്കെ, അനുമതി വൈകുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.

പ്രദർശനം അനിശ്ചിതത്വത്തിലായ സിനിമകൾ:

1.The Great Dictator
2.Palestine 36
3.A Poet: Unconcealed Poetry
4.Red Rain
5.All That’s Left of You
6.Riverstone
7.Bamako
8.The Hour of the Furnaces
9.Battleship Potemkin
10.Tunnels: Sun in the Dark
11.Beef
12.Clash
13.Yes
14.Eagles of the Republic
15.Flames
16.Heart of the Wolf
17.Timbuktu
18.Once Upon a Time in Gaza
19.Wajib

സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് മേള കാണാൻ വന്നവരിൽ നിന്നും ഉയരുന്നത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ കേന്ദ്ര നടപടിയിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമ കാണുന്നത് ഒരു ജനാധിപത്യ രാജ്യത്തിലെ പൗരന്റെ മൗലിക അവകാശമാണെന്നും, അതിനെ ചോദ്യം ചെയ്യുന്ന ഇടപെടലുകൾ ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. മേളയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള ഇടപെടലാണ് കേന്ദ്രം നടത്തുന്നതെന്നും, അടിയന്തിരമായി കേന്ദ്ര സർക്കാരും ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേള അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമാണിതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ആരോപിച്ചു. രാജ്യം എത്രത്തോളം അപകടകരമായ അവസ്ഥയിലാണെന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചിത്രങ്ങളുടെ പേരുകണ്ട് പ്രദർശനാനുമതി നിഷേധിക്കരുതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും വിമർശിച്ചു.

അതേസമയം, 19 സിനിമകൾക്ക് അനുമതി നിഷേധിച്ചത് ദൗർഭാഗ്യകരമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ പ്രതികരിച്ചു. ‘ബാറ്റിൽഷിപ്പ് പോട്ടംകിൻ’ പോലുള്ള ക്ലാസിക് ചിത്രത്തിന് അനുമതി നിഷേധിക്കുന്നത് പരിഹാസ്യമാണ്. ഇത് ബ്യൂറോക്രാറ്റിക് ജാഗ്രതയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, ബാക്കി ചിത്രങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും ശശി തരൂർ വ്യക്തമാക്കി.


#Daily
Leave a comment