TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE

TMJ Daily

അനധികൃത മയക്കുമരുന്ന് ഉൽപാദനം കൂടുന്നു; കണക്കുകൾ വ്യക്തമാക്കി UNODC

27 Jun 2023   |   2 min Read
TMJ News Desk

ലോകത്ത് മയക്കുമരുന്നിന്റെ ഉത്പാദനവും വിപണിയും വർധിച്ചതായി യുണൈറ്റഡ് നാഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആന്റ് ക്രൈം വ്യക്തമാക്കുന്നു. ആഗോള തലത്തിൽ അനധികൃതമായി ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിച്ചത് അഫ്ഗാനിസ്ഥാനിലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മുഴുവൻ ഉത്പാദനത്തിന്റെ 80% വും അഫ്ഗാന്സ്ഥാനിൽ നിന്നാണ് എന്ന് യുണൈറ്റഡ് നാഷൻസ് ഓഫീസ് ഓൺ ഡ്രഗ്‌സ് ആന്റ് ക്രൈം (UNODC) ന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അഫ്ഗാനിസ്ഥാനിൽ ഏകദേശം 3.5 ലക്ഷം മയക്കുമരുന്ന് ഉപയോക്താക്കൾ ഉണ്ടെന്നും, ഇത് മുഴുവൻ ജനസംഖ്യയുടെ 10% വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് റിപ്പോർട്ട് നിഷേധിച്ചു. രണ്ട് വർഷമായി രാജ്യത്ത് കറുപ്പ് ഉത്പാദിപ്പിക്കുന്നത് നിരോധിച്ചിരിക്കുകയാണ്, ഒരു ശതമാനം കറുപ്പു പോലും കൃഷി ചെയ്തിട്ടില്ല എന്നുറപ്പുണ്ട്. 2023 ൽ കറുപ്പ് ഉത്പാദിപ്പിക്കുന്നതിൽ നിന്നും അഫ്ഗാനെ പൂർണമായും വിമുക്തമാക്കി എന്നും, രാജ്യത്തെ മയക്കുമരുന്നിന്റെ ഉത്പാദനത്തെ കുറിച്ച് കൂടുതൽ ഗവേഷണം നടത്തിയിട്ടില്ലെന്നും സബിയുള്ള വ്യക്തമാക്കി. 

2021 ലെ രാഷ്ട്രീയ മാറ്റത്തിന് ശേഷം രാജ്യത്തെ മയക്കുമരുന്ന് ചികിത്സയുടെയും റീഹാബിലിറ്റേഷൻ സെന്ററുകളുടേയും പ്രവർത്തനം പരിമിതപ്പെട്ടു എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അഫ്ഗാനിൽ മയക്കുമരുന്ന് ഉത്പാദനവും കടത്തും കുറച്ചു, ഇത് പൂർണമായും ഇല്ലാതാക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ സഹകരണം ആവശ്യമാണ്, നിർഭാഗ്യവശാൽ അന്താരാഷ്ട്ര സമൂഹം ഈ കാര്യത്തിൽ അഫ്ഗാനിസ്ഥാനെ സഹായിച്ചിട്ടില്ല എന്നും രാഷ്ട്രീയ നിരീക്ഷകനായ ഹസൻ ഹക്യാർ വ്യക്തമാക്കി. അതുപോലെ തങ്ങളുടെ പോപ്പി വിളകൾ താലിബാൻ അധികൃതർ നശിപ്പിച്ചതായി രാജ്യത്തെ തെക്കൻ പ്രദേശങ്ങളിലെ കർഷകർ പറയുന്നു. ബദൽ വിളകൾ നൽകി സഹായിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടതായും കർഷകർ പറഞ്ഞു.

അനധികൃത മയക്കുമരുന്ന്, വികസിക്കുന്ന വിപണി

UNODC യുടെ റിപ്പോർട്ട് പ്രകാരം മയക്കുമരുന്നിന്റെ വിപണി വിപുലീകരിക്കപ്പെട്ടിട്ടുണ്ട്. മയക്കുമരുന്ന് കുത്തി വെക്കുന്നവരുടെ എണ്ണവും മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടിയിരിക്കുകയാണ്. വില കുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ ഉപയോഗമാണ് വിപണിയിൽ കൂടിയിരിക്കുന്നത്. ഇതിന്റെ പാർശ്വ ഫലങ്ങൾ ഭീകരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 2021 ൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം 13.2 ദശലക്ഷം ആയിരുന്നു. ഇപ്പോൾ അത് 18 ശതമാനം കൂടുതലാണ്. 2021 ൽ ലോകത്താകമാനം 296 ദശലക്ഷത്തിലധികം ആളുകൾ മയക്കു മരുന്ന് ഉപയോഗിച്ചിരുന്നു, 2023 ൽ ഇതിൽ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2021 ൽ മയക്കുമരുന്ന് ഉപയോഗം കാരണം ലോകത്ത് 39.5 ദശലക്ഷം ആളുകളാണ് ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നത്. ഇതിൽ 45 ശതമാനം വർധനവ് 2023 ൽ ഉണ്ടായി.

ഇരയാക്കപ്പെടുന്നത് യുവാക്കൾ

യുവാക്കളാണ് മയക്കുമരുന്നിന് ഏറ്റവും കൂടുതൽ ഇരയാക്കപ്പെടുന്നത്. ആഫ്രിക്കയിൽ മയക്കുമരുന്നുപയോഗം മൂലം ചികിത്സയിൽ കഴിയുന്നവരിൽ 70 ശതമാനവും 35 വയസിൽ താഴെ ഉള്ളവരാണ്. ലോകത്താകമാനം മയക്കുമരുന്ന് ഉപയോഗം മൂലം ബുദ്ധിമുട്ടുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. എന്നാൽ ആവശ്യമുള്ളവരിലേക്ക് ചികിത്സ എത്തുന്നില്ല എന്നും UNODC എക്‌സിക്യൂട്ടീവ് ഡയറക്ടർ വ്യക്തമാക്കി.


#Daily
Leave a comment