
യുഎസിലെ നിയമവിരുദ്ധ കുടിയേറ്റം: 17,940 ഇന്ത്യാക്കാരെ യുഎസ് തിരിച്ചയക്കും
നിയമവിരുദ്ധമായി യുഎസിലേക്ക് കുടിയേറിയവരെ തിരിച്ച് അയക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരു മാസം മാത്രം അവശേഷിക്കേ, രാജ്യത്തിലേക്ക് നിയമവിരുദ്ധമായി കുടിയേറിയവരുടെ രാജ്യങ്ങള്‍ തിരിച്ചുള്ള പട്ടിക പുറത്ത് വന്നു. യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്(ഐസിഇ) പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 1.445 മില്ല്യണ്‍ ആളുകൾ അനധികൃതമായി യുഎസില്‍ വസിക്കുന്നുണ്ട്. ഇതില്‍ 17,940 പേര്‍ ഇന്ത്യാക്കാരാണ്.
ഇവരുടെ കുടിയേറ്റം നിയമപരമാക്കണമെങ്കില്‍ കഠിനമായ നിയമ പ്രക്രിയയിലൂടെ കടന്നു പോകേണ്ടി വരും. ചിലപ്പോള്‍ ഇതിന്റെ കേസുകള്‍ വാദം കേള്‍ക്കുന്നത് വര്‍ഷങ്ങള്‍ കഴിഞ്ഞാകും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ യുഎസ് അതിര്‍ത്തി നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിക്കുമ്പോള്‍ ഏകദേശം 90,000 ഇന്ത്യാക്കാരെ പിടികൂടിയെന്ന് ഐസിഇയുടെ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇവരില്‍ ഗണ്യമായ പങ്കും വരുന്നത് പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് പ്രാദേശിക മൈഗ്രേഷൻ വിദഗ്ദ്ധര്‍ പറയുന്നു.
യുഎസിലെ രേഖകളില്‍പ്പെടാത്ത കുടിയേറ്റക്കാരുടെ ഐസിഇയുടെ പട്ടികയിലെ 2028 രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് പതിമൂന്നാം സ്ഥാനമാണുള്ളത്. ഹോണ്ടുറാസില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരുള്ളത് - 2,61,000 പേര്‍. രണ്ടാമതുള്ള ഗ്വാട്ടിമാലയില്‍ നിന്നും 2,53,000 പേര്‍ ഉണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈനയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേരുള്ളത് - 37,908 പേര്‍. അനധികൃത കുടിയേറ്റക്കാരുടെ പൗരത്വം പരിശോധിക്കുന്നതിനും യാത്ര രേഖകള്‍ നല്‍കുന്നതിനും സഹകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഐസിഇ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ നിസ്സഹകരണം ഇവരെ തിരിച്ചയക്കല്‍ പ്രക്രിയയെ സങ്കീര്‍ണമാക്കും. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ചൈന, ഇറാന്‍, വെനസ്വേല അടക്കം 15 രാജ്യങ്ങളാണ് നിസ്സഹകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്ളത്. ഇതിന് സഹകരിക്കാത്ത രാജ്യങ്ങളുമായി സഹകരണമില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.