
അനിയന്ത്രിത കുടിയേറ്റം നിയന്ത്രിക്കണം; ഇന്ത്യയോട് യുഎസ്
ഇന്ത്യയില്‍ നിന്നുള്ള അനിയന്ത്രിതമായ കുടിയേറ്റ പ്രശ്‌നം പരിഹരിക്കണമെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ യുഎസില്‍ എത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റുബിയോയും തമ്മിലുള്ള കൂടിക്കാഴ്ച്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
പൗരത്വം ജന്മാവകാശമായി ലഭിക്കുന്ന രീതി റദ്ദാക്കുന്നതിനും അനധികൃത കുടിയേറ്റം അമര്‍ച്ച ചെയ്യുന്നതിനുമുള്ള ഉത്തരവുകളില്‍ കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചിരുന്നു.
ആധുനിക സാങ്കേതിക വിദ്യകള്‍, പ്രതിരോധ സഹകരണം, ഊര്‍ജ്ജം, ഇന്തോ-പെസഫിക് മേഖല തുടങ്ങിയ വിഷയങ്ങള്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തു.
സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും അനിയന്ത്രിതമായ കുടിയേറ്റവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനും ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നുവെന്ന് സെക്രട്ടറി റൂബിയോ പറഞ്ഞു.
യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തുവെങ്കിലും അനിയന്ത്രിതമായ കുടിയേറ്റത്തെക്കുറിച്ചുള്ള സംഭാഷണത്തെക്കുറിച്ച് അദ്ദേഹം ഒന്നും പോസ്റ്റ് ചെയ്തില്ല.
രേഖകളില്ലാതെ 7.25 ലക്ഷം ഇന്ത്യാക്കാര്‍ യുഎസില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരില്‍ 18,000 പേരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള പട്ടികയില്‍ യുഎസ് കുടിയേറ്റ ഏജന്‍സിയായ ഐസിഇ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റൂബിയോയുടെ ആവശ്യത്തെക്കുറിച്ച് ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഈ നാടുകടത്തല്‍ പട്ടികയിലുള്ള 18,000 പേരുടെ കാര്യത്തില്‍ ഇന്ത്യ സഹകരിക്കാന്‍ സമ്മതിച്ചോ എന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇവരുടെ നാടുകടത്തല്‍ വിഷയത്തില്‍ ഇന്ത്യ സഹകരിക്കുന്നില്ലെന്ന് നേരത്തെ അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.