
യുഎസിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരികെ സ്വീകരിക്കും: മോഡി
യുഎസില്‍ അനധികൃതമായി വസിക്കുന്ന ഇന്ത്യാക്കാരെ തിരികെ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മനുഷ്യക്കടത്ത് സംവിധാനത്തെ നശിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യുഎസ് സന്ദര്‍ശനം നടത്തുന്ന മോഡി ഊന്നല്‍ നല്‍കി സംസാരിച്ചു. ട്രംപുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.
ഈ സംവിധാനത്തെ തകര്‍ക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളോട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൂര്‍ണമായും സഹകരിക്കുമെന്നുള്ള ആത്മവിശ്വാസം മോഡി പ്രകടിപ്പിച്ചു.
മറ്റ് രാജ്യങ്ങളില്‍ നിയമവിരുദ്ധമായി വസിക്കുന്നവര്‍ക്ക് അവിടെ യാതൊരു നിയമാവകാശങ്ങളും ഇല്ലെന്ന് മോഡി പറഞ്ഞു. യുഎസില്‍ നിയമവിരുദ്ധമായി വസിക്കുന്നവര്‍ ഇന്ത്യന്‍ പൗരന്‍മാരാണെന്ന് തെളിഞ്ഞാല്‍ അവരെ തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് തങ്ങള്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ടെന്ന് മോഡി പറഞ്ഞു.
നിയമവിരുദ്ധമായി വസിക്കുന്നവരില്‍ കൂടുതലും സാധാരണ കുടുംബങ്ങളില്‍നിന്നുള്ളവരാണെന്നും മനുഷ്യക്കടത്തുകാര്‍ അവരെ തെറ്റിദ്ധരിപ്പിച്ചുവെന്നും മോഡി പറഞ്ഞു. അവര്‍ക്ക് വലിയ സ്വപ്‌നങ്ങള്‍ ഉണ്ടെന്നും അവരെ തെറ്റിദ്ധരിപ്പിച്ച് യുഎസില്‍ എത്തിച്ചുവെന്നും മോഡി പറഞ്ഞു. അതിനാല്‍ മനുഷ്യക്കടത്ത് സംവിധാനത്തെ പൂര്‍ണമായും നശിപ്പിക്കണം.
അടുത്തിടെ യുഎസ് 104 ഇന്ത്യാക്കാരെ തിരിച്ചയച്ചിരുന്നു. അവരെ യുഎസിന്റെ സൈനിക വിമാനത്തില്‍ കൈയില്‍ വിലങ്ങുവച്ചും കാലില്‍ ചങ്ങലയിട്ടുമാണ് എത്തിച്ചത്. ഇത് ഇന്ത്യയില്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തേണ്ടിയും വന്നു.