TMJ
searchnav-menu
post-thumbnail

Representational image: wiki commons

TMJ Daily

ശ്രീലങ്കയ്ക്ക് 3 ബില്യണ്‍ ഡോളര്‍ വായ്പ ലഭ്യമാക്കി ഐഎംഎഫ്

22 Mar 2023   |   1 min Read
TMJ News Desk

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പുത്തന്‍ വായ്പ പ്രഖ്യാപിച്ചു. മൂന്ന് ബില്യണ്‍ ഡോളര്‍ വായ്പയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ കൂടുതല്‍ വായപകള്‍ രാജ്യത്തിന് ലഭ്യമാകാനുള്ള അവസരങ്ങളും തുറന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന് അന്താരാഷ്ട്ര വായ്പകളുടെ തിരിച്ചടവ് രാജ്യം മുടക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമുണ്ടായ ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രസിഡന്റ് ഗോതാഭയ രാജപക്‌സ, പ്രധാന മന്ത്രി മഹിന്ദ രാജപക്‌സ എന്നിവര്‍ക്ക് രാജി വെക്കേണ്ടി വരികയും ചെയ്തു.

പിന്നീട് പ്രസിഡന്റായി സ്ഥാനമേറ്റ റെനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലാണ് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ചര്‍ച്ചകള്‍ നടന്നത്. ശ്രീലങ്കയ്ക്ക് ഏറ്റവും കൂടുതല്‍ വായ്പ നല്‍കിയ രാജ്യങ്ങളായ ഇന്ത്യ, ജപ്പാന്‍, ചൈന എന്നിവയുടെ അനുകൂല നിലപാടും ഐഎംഎഫുമായുള്ള ചര്‍ച്ചകളില്‍ സഹായകമായി. ഈ രാജ്യങ്ങള്‍ നല്‍കിയ ഉറപ്പിന്മേലാണ് ഇപ്പോള്‍ വായ്പ ലഭിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ വായ്പാ പാക്കേജിന്റെ അടിസ്ഥാനത്തില്‍, ഐഎംഎഫില്‍ നിന്നും മറ്റു അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും 7 ബില്യണ്‍ ഡോളര്‍വരെ വായ്പയെടുക്കാന്‍ ശ്രീലങ്കയ്ക്കു സാധിക്കും.

അതേസമയം, ഐഎംഎഫിന്റെ നിര്‍ദേശപ്രകാരം, വായ്പയ്ക്കു വഴിയൊരുക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ നയംമാറ്റങ്ങള്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രാജ്യത്തെ പലിശ നിരക്ക് കുത്തനെ കൂട്ടി. നികുതികളുടെ കാര്യത്തിലും വലിയ വര്‍ദ്ധനവു വരുത്തിയിട്ടുണ്ട്. അതിനുപുറമേ വൈദ്യുതി നിരക്ക് മൂന്നുമടങ്ങ് ഉയര്‍ത്തുകയും ചെയ്തു കഴിഞ്ഞ വര്‍ഷം മുതല്‍തന്നെ അവശ്യ സാധനങ്ങളുടെ വില ഉയര്‍ന്നു നില്‍ക്കുകയാണ്. അതോടൊപ്പം വൈദ്യുതി നിരക്കുകൂടി താങ്ങാവുന്നതിനും അപ്പുറമായതോടെ, ജനങ്ങള്‍ സമരവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഈ കാരണങ്ങള്‍ നിരത്തി വിവിധ മേഖലകളിലുള്ള തൊഴിലാളികള്‍ ഈയടുത്ത് പണിമുടക്കിന് ആഹ്വാനം ചെയ്യുകയുണ്ടായി.


#Daily
Leave a comment