Representational Image: Pixabay
മെക്‌സിക്കോയില്‍ കുടിയേറ്റ ക്യാമ്പില്‍ തീപിടുത്തം; 39 മരണം
മെക്‌സിക്കോയിലെ കുടിയേറ്റക്കാരുടെ ഇമിഗ്രേഷന്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരുക്കേറ്റു. യു.എസുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ മെക്‌സിക്കോയിലെ ചിഹുവാന പ്രവിശ്യയിലെ ക്യാമ്പിലാണ് അപകടമുണ്ടായത്.
പരുക്കേറ്റവരെ പ്രദേശത്തെ നാലു ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മേഖല യുഎസ് അതിര്‍ത്തിയിലെ പ്രധാന ചെക്ക് പോയിന്റാണ്. അമേരിക്കയിലേക്ക് കടക്കാനായി എത്തുന്ന കുടിയേറ്റക്കാര്‍ക്കായി നിരവധി ഷെല്‍ട്ടറുകളാണ് ഇവിടെയുള്ളത്.
മധ്യ, ദക്ഷിണ അമേരിക്കയില്‍ നിന്നുള്ള 68 പേരാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് മെക്‌സിക്കന്‍ സര്‍ക്കാരിന്റെ നാഷണല്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. പൊതു അതിര്‍ത്തി കടക്കാനെത്തുന്ന ആയിരക്കണക്കിനാളുകളെ കൈകാര്യം ചെയ്യുന്നതില്‍ വിഷമിക്കുകയാണ് യുഎസും മെക്‌സിക്കോയും.
അപകടത്തില്‍ മെക്‌സിക്കന്‍ എജി ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ തീപിടുത്തത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ മെക്‌സിക്കന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.