
കൊച്ചിയടക്കം ഏഴ് വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ വേഗത്തിലാകും
കൊച്ചിയടക്കമുള്ള ഏഴ് വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ എമിഗ്രേഷന്‍ പ്രക്രിയ വേഗത്തിലാകും. മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളുരു, ഹൈദരാബാദ്, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും എമിഗ്രേഷന്‍ വേഗത്തിലാകും. മുന്‍കൂര്‍ വെരിഫൈ ചെയ്ത ഇന്ത്യക്കാര്‍ക്കും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ കാര്‍ഡുടമകള്‍ക്കും ആണ് അതിവേഗ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആസ്വദിക്കാനാകുക.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്നും ഉദ്ഘാടനം ചെയ്യും. യാത്രക്കാര്‍ക്ക് ലോകോത്തര എമിഗ്രേഷന്‍ സൗകര്യം നല്‍കുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
ഈ പദ്ധതി പ്രകാരം യാത്ര ചെയ്യുന്നതിന് അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ആവശ്യമുള്ള രേഖകള്‍ സമര്‍പ്പിക്കണം. ഈ യാത്രക്കാര്‍ അവരുടെ ഇ-ഗേറ്റില്‍ പാസ്‌പോര്‍ട്ട് സ്‌കാന്‍ ചെയ്തശേഷം ബോര്‍ഡിങ് പാസ് സ്‌കാന്‍ ചെയ്യണം.
രാജ്യത്തെ 21 പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കും. ഈ പദ്ധതി അന്താരാഷ്ട്ര യാത്രകളില്‍ സുരക്ഷിതമായും സുഗമമായും എമിഗ്രേഷന്‍ ക്ലിയറന്‍സ് അതിവേഗത്തിലാക്കുന്നു.


