അപ്രതീക്ഷിത പാര്‍ലമെന്റ് സമ്മേളനം; അജണ്ട വ്യക്തമാക്കാതെ സര്‍ക്കാര്‍
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയാണ് സമ്മേളന കാര്യം ട്വീറ്റ് ചെയ്തത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഫലപ്രദമായ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു എന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. അപ്രതീക്ഷിതമായ ഈ തീരുമാനത്തില്‍ നിരവധി അഭ്യൂഹങ്ങളാണ് ഉയര്‍ന്നുവരുന്നത്. പ്രത്യേക സമ്മേളനത്തിനുള്ള കാരണം സര്‍ക്കാര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സമ്മേളനം എന്തിനു വേണ്ടി
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ബിജെപിയുടെ നയം നടപ്പിലാക്കാനുള്ള ബില്‍ അവതരിപ്പിക്കുക, ഈ വര്‍ഷം തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്തുക, ഏക സിവില്‍ കോഡ് നടപ്പാക്കുക, വനിതാ സംവരണ ബില്‍ അവതരിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത് എന്ന വാദങ്ങളാണ് ഉയര്‍ന്നു വരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നേട്ടങ്ങളും ജി-20 ഉച്ചകോടിയും ചന്ദ്രയാന്‍ 3 ന്റെ വിജയവും ചര്‍ച്ച ചെയ്യാനാണ് സമ്മേളനം എന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ പ്രതിപക്ഷം
പ്രതിപക്ഷ കക്ഷികള്‍ മുംബൈയില്‍ ചേര്‍ന്ന അനൗപചാരിക യോഗത്തിലും സമ്മേളനകാര്യം ചര്‍ച്ചയായി. പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ഐക്യപ്പെടല്‍ വേഗത്തിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണെന്ന അഭിപ്രായം നേതാക്കള്‍ പങ്കുവച്ചു. പ്രതിപക്ഷ മുന്നണിയുടെ യോഗത്തില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. സര്‍ക്കാരിന്റെ നീക്കം പരിഭ്രാന്തി സൃഷ്ടിച്ചെന്ന് രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ കക്ഷികള്‍ അവരുടെ പരിശ്രമം വേഗത്തിലാക്കണം എന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പറഞ്ഞു. സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്നും സെപ്റ്റംബര്‍ 30-നകം കാര്യങ്ങളില്‍ വ്യക്തത വരുത്തണം എന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സീറ്റ് വിഭജനം സെപ്റ്റംബര്‍ 30-നകം പൂര്‍ത്തിയാക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെ തന്നെ നടന്നേക്കാം എന്ന സൂചനയെ തുടര്‍ന്നാണ് INDIA മുന്നണി നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ ശ്രമിക്കുന്നത്. ഇന്ന് നടക്കുന്ന യോഗത്തില്‍ മുന്നണി കണ്‍വീനറെ തീരുമാനിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.